‘എൻ്റെ മകന് നടക്കാൻ പോലും വയ്യ, അവനെ രക്ഷപ്പെടുത്തി നാട്ടിലത്തിക്കണം; വിസ നൽകാമെന്ന് പറഞ്ഞ് കാശ് വാങ്ങി മലയാളിയും പറ്റിച്ചു’: കണ്ണീരോടെ അമ്മ
ഫുജൈറ: ‘‘മുഖം ഒഴികെ ശരീരം മുഴുവൻ ചൊറി ബാധിച്ച് വിണ്ട് കീറി ചോര കിനിയുന്നു. ഇരിക്കാനോ, കിടക്കാനോ എന്തിന് ടോയ്ലറ്റിൽ പോകാൻ പോലും സാധിക്കാത്ത ദുരവസ്ഥ. ഫുജൈറയിൽ നടത്തിയിരുന്ന ഒപ്റ്റിക്കൽസ് കട കച്ചവടമില്ലാതെ നഷ്ടത്തിൽ, വാടക പോലും കൊടുക്കാൻ കഴിയുന്നില്ല, പാർട്ണർമാർ രണ്ടു പേർ അവരുടെ മുതൽ തിരിച്ചു ചോദിക്കുകയും പെട്ടെന്ന് നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്നും പറയുന്നു.
.
വീസാ കാലാവധി കഴിഞ്ഞു പിഴയൊടുക്കേണ്ടുന്ന സ്ഥിതിവിശേഷമായി, പാസ്പോർട് കാലാവധി കഴിഞ്ഞു… എന്റെ മകൻ സിംസൺ സുസൈമാണിക്യം(39) ഫുജൈറയിൽ ഇത്തരത്തിൽ യാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവനെ യുഎഇയിലെ ഇന്ത്യൻ അധികൃതരും സാമൂഹിക പ്രവർത്തകരും മനസ്സിൽ നന്മ വറ്റിയിട്ടില്ലാത്തവരും ചേർന്ന് രക്ഷപ്പെടുത്തണം’’- എറണാകുളം ചോറ്റാനിക്കര പാലസ് സ്ക്വയർ മന്ന ഹൗസിൽ നിന്നുള്ള പുഷ്പ എന്ന അമ്മയുടെ വിലാപമാണിത്. കടലിനിക്കരെയുള്ള, കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത സഹജീവികൾ ഈ വിലാപം കേൾക്കുമെന്ന് തന്നെയാണ് ഈ വയോധികയുടെ പ്രതീക്ഷ. (ചിത്രത്തിൽ സിംസൺ സുസൈമാണിക്യവും അമ്മയും)
.
∙പ്രതീക്ഷയോടെ എത്തി, ജീവിതം പച്ചപിടിക്കവേ ദുരിതപ്പെയ്ത്ത്
നാട്ടിൽ ഒപ്റ്റിക്കൽ ടെക്നിഷ്യനായിരുന്ന സിംസൺ 2019ൽ കോവിഡ്19 പൊട്ടിപ്പുറപ്പെടുന്നതിന് മുൻപാണ് യുഎഇയിലെത്തിയത്. ഫുജൈറയിൽ ഒരു കണ്ണടക്കട വിൽക്കാനുണ്ടെന്ന് കേട്ട് അങ്ങോട്ട് ചെല്ലുകയും സുഹൃത്തിനെയും കൂട്ടി അത് വാങ്ങുകയും ചെയ്തു. എന്നാൽ വൈകാതെ സുഹൃത്ത് മരിച്ചതോടെ മലപ്പുറം, തമിഴ്നാട് സ്വദേശികളായ 2 പേരെ പാർട്ണർമാരാക്കി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് കട പ്രവർത്തിച്ചത്.
.
എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ കച്ചവടം കുറഞ്ഞ്, നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങി. കടയിൽ ജോലി ചെയ്തിരുന്ന രണ്ടുപേർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ അവരെ പറഞ്ഞയച്ചു. ഇതോടെ പാർട്ണർമാർ അവരുടെ ഓഹരി തിരിച്ചു ചോദിച്ച് പ്രശ്നമുണ്ടാക്കിത്തുടങ്ങി. അവർ മുടക്കിയ 20 ലക്ഷം രൂപ ഉടൻ തിരിച്ചു നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്നാണ് പറയുന്നത്. ഇതിനിടയിലാണ് സിംസണെ സോറിയാസിസ്(ത്വക് രോഗം) ബാധിച്ചത്. മുഖമൊഴിച്ച് ശരീരത്തിന്റെ മറ്റെല്ലാ ഭാഗത്തേയ്ക്കും ചൊറി പടർന്നു.
.
.
നാട്ടിൽ പോയി ചികിത്സിച്ച് ഭേദമാക്കി വന്നതായിരുന്നു. പിന്നീട് രണ്ടര വർഷത്തോളം വിട്ടുമാറാത്ത പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ത്വക് രോഗം വീണ്ടും രൂക്ഷമായി. താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മലയാളികൾ ഇറക്കിവിട്ടു. ഇപ്പോൾ ബംഗ്ലാദേശികളും ഉത്തരേന്ത്യക്കാരുമൊക്കെ താമസിക്കുന്ന ഒരു വില്ലയിൽ ചെറിയൊരു മുറിയിലാണ് താമസം. ഭക്ഷണത്തിനൊക്കെ ഏറെ ബുദ്ധിമുട്ടുന്നു. കടയിൽ ജീവനക്കാർ ആരുമില്ലാത്തതിനാൽ അവിടെ പോകാതിരിക്കാനാകുന്നില്ല. എന്നാൽ ഇരിക്കാനോ വിശ്രമിക്കാനോ കഴിയുന്നില്ല. എവിടെയെങ്കിലും ദേഹം മുട്ടിപ്പോയാൽ ഉടൻ ചോര കിനിയും. അതിനാൽ രണ്ട് ഷർട്ടൊക്കെ ധരിച്ചാണ് കഴിയുന്നത്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ കുറേ നാളായി ഡോക്ടറെ സമീപിക്കാറില്ല., വില കൂടിയ മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ രോഗം അനുദിനം വർധിച്ചുവരുന്നു. നാട്ടിൽ പോയിട്ടും രണ്ടര വർഷത്തോളമായി.
.
.
വീസ നൽകാമെന്ന് പറഞ്ഞ് 1000 ദിർഹം കൈക്കലാക്കി മലയാളി പറ്റിച്ചു
ഇതിനിടെ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു മലയാളി വീസ എടുത്തു തരാമെന്ന് പറഞ്ഞ് ആയിരം ദിർഹം കൈക്കലാക്കി മുങ്ങിയത് കൂനിന്മേൽ കുരുവായി. പലരോടും കടം വാങ്ങിയാണ് ആദ്യം 800 ഉം തുടർന്ന് 200 ദിർഹവും വാങ്ങിയത്. വീസ അടിച്ചു കഴിഞ്ഞ് ബാക്കി പണം കുറച്ചുകുറച്ചായി തന്നു തീർത്താൽ മതിയെന്നായിരുന്നു അയാളുടെ വാഗ്ദാനം. എന്നാൽ പണം കിട്ടിയ ശേഷം അയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. പല രീതിയിൽ ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. പലരിൽ നിന്ന് കടം വാങ്ങിയ ആയിരം ദിർഹം വളരെ കഷ്ടപ്പെട്ട് മടക്കിക്കൊടുത്തു.
.
നാട്ടിൽ 67 വയസ്സുള്ള അമ്മ മാത്രമേയുള്ളൂ. നേരത്തെ വീട്ടുജോലികൾ ചെയ്തിരുന്ന അമ്മയ്ക്ക് അസുഖം കാരണം അതിന് വയ്യാണ്ടായി. വാടക വീട്ടിലാണ് താമസം. വാടക കൊടുക്കാൻ പറ്റാത്തതിനാൽ ഒഴിയണമെന്ന വീട്ടുടമയുടെ സമ്മർദവുമുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണമെന്നാഗ്രഹിച്ചാണ് യുഎഇയിലെത്തിയത്. പക്ഷേ, വിധി എന്നെ ഇങ്ങനെയാക്കി. പാർട്ണർമാരും സാധാരണ ജോലി ചെയ്ത് ജീവിക്കുന്നവരാണ്.
.
അവരുടെ പ്രശ്നങ്ങളറിയാം. അതുകൊണ്ട് എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി നാട്ടിലേക്ക് തിരിച്ചുചെന്ന് എല്ലാ പ്രശ്നങ്ങളും തീർക്കണമെന്നാണ് ആഗ്രഹം. കൂടെ, ചികിത്സയും തേടേണ്ടതുണ്ട്. അതിനെല്ലാം കൂടി ആകെ 30 ലക്ഷത്തോളം രൂപ വേണ്ടിവരും.
മനസ്സിൽ നന്മ വറ്റാത്തവരിൽ നിന്നുള്ള സഹായം സിംസണും അമ്മയും പ്രതീക്ഷിക്കുന്നു.
ഫോൺ: +971523876210.
സിംസണിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
സിംസൺ സുസൈമാണിക്യം
എ/സി നമ്പർ: 0050050000036849
സൗത്ത് ഇന്ത്യൻ ബാങ്ക്
IFSE CODE: SIBL0000817
ഇരുവേലി ബ്രാഞ്ച്
കേരളം
(കടപ്പാട്: സാദിഖ് കാവിൽ, മനോരണ ഓണ്ലൈൻ)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.