പാകിസ്താന്‍ വലിയ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് യുഎസ് മുന്നറിയിപ്പ് നൽകി; വിനാശകരമായ പ്രത്യാഘാതമെന്ന് മോദിയുടെ മറുപടി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടിരുന്നുവെന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമാധാന ശ്രമങ്ങളുടെ ഭാഗമായി മെയ് ഒമ്പതിന് വെള്ളിയാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് പാകിസ്താന്‍ തയ്യാറെടുക്കുന്നതായും സംഘര്‍ഷം ലഘൂകരിക്കാന്‍ വെടിനിര്‍ത്തൽ ഉണ്ടാകണമെന്നും ജെ.ഡി. വാന്‍സ് അഭ്യര്‍ഥിച്ചു. എന്നാല്‍, പാകിസ്താന്റെ ഏത് പ്രകോപനത്തിനും തിരിച്ചടി കനത്തതായിരിക്കുമെന്നാണ് മോദി നല്‍കിയ മറുപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നുവെങ്കില്‍ വിനാശകരമായ പ്രത്യാഘാതമാകും പാകിസ്താന് നേരിടേണ്ടിവരികയെന്ന് മോദി തറപ്പിച്ചു പറഞ്ഞുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
.
പാകിസ്താന്‍ ആക്രമിച്ചാല്‍ കൂടുതല്‍ ശക്തിയോടെ വിനാശകരമായ രീതിയില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് മോദി വ്യക്തമാക്കി. യുഎസ് അറിയിക്കുന്നതിനും മുമ്പെ ഇന്ത്യ ലക്ഷ്യമാക്കി പാക് സൈന്യത്തിന്റെ നീക്കങ്ങള്‍ നേരത്തെ തന്നെ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. ഇത് കണക്കിലെടുത്തുള്ള തയ്യാറെടുപ്പും ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടായി. വെള്ളിയാഴ്ച വീണ്ടും പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായതോടെ ഇന്ത്യ തിരിച്ചടി കടുപ്പിച്ചു.
പാകിസ്താന്‍ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും റഡാര്‍ സ്‌റ്റേഷനുകളുമടക്കം തകര്‍ത്താണ് ഇന്ത്യ മറുപടി നല്‍കിയത്. പാകിസ്താന്‍ ആര്‍മിയുടെ തലസ്ഥാനമായ റാവല്‍പിണ്ടിയിലും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ ആക്രമണം തടയാന്‍ പാകിസ്താന് സാധിച്ചുമില്ല. പിന്നാലെ പാകിസ്താന്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ച് വിദേശരാജ്യങ്ങളെ സമീപിച്ചു. വിഷയം യുഎസ് ഇന്ത്യയെ അറിയിച്ചെങ്കിലും സൈനിക നടപടി സംബന്ധിച്ച എന്ത് ചര്‍ച്ചയും ഡിയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ (ഡിജിഎംഒ) തലത്തില്‍ മാത്രമേ നടക്കുവെന്ന് ഇന്ത്യ വ്യക്തമാക്കി. അതല്ലാതൊരു ചര്‍ച്ചയും നടക്കില്ലെന്നും അറിയിച്ചു.
.
ഇതോടെ യുഎസ് ഉപദേശപ്രകാരമാണ് പാക് ഡിജിഎംഒ ഇന്ത്യയിലെ ഡിജിഎംഒയെ വിളിക്കുന്നതും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും. എന്നാല്‍, വെടിനിര്‍ത്തല്‍ ധാരണയുണ്ടായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണയെ വെടിനിര്‍ത്തല്‍ എന്ന് ഇന്ത്യ ഔദ്യോഗികമായി വിശേഷിപ്പിക്കാത്തതും ശ്രദ്ധേയമായി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, ഇപ്പോള്‍ നമ്മള്‍ പുതിയൊരു അവസ്ഥയിലെത്തിയെന്നുമാണ് ഇന്ത്യ ഔദ്യോഗികമായി പറഞ്ഞത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ച പാരമ്പര്യമുള്ളത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് വേണം കണക്കാക്കാന്‍. അതായത് എപ്പോള്‍ വേണമെങ്കിലും പാകിസ്താന്‍ ധാരണകള്‍ ലംഘിക്കാം. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല എന്നര്‍ഥം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ആക്രമിക്കുമെന്ന് ഇന്ത്യ തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതിന് പകരം ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഓരോ തവണയും ശക്തമായി തന്നെ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്ദേശം വ്യക്തമായി നല്‍കിയിരുന്നതാണ്. നിങ്ങള്‍ പ്രകോപിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. നിങ്ങള്‍ നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്തും- പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.