കൊടും ക്രൂരത..! സ്വകാര്യഭാഗങ്ങളിൽ മുളകുപൊടിവിതറി, ഇരുമ്പ് പഴുപ്പിച്ചുവെച്ചു; ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങള്‍ തുറന്നുപറഞ്ഞ് യുവതി
ഭോപ്പാല്‍: ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങള്‍ തുറന്നുപറഞ്ഞ് യുവതി. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശിനിയായ 32-കാരി പോലീസിനോട് തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഭര്‍ത്താവിന്റെ ഒത്താശയോടെ അദ്ദേഹത്തിന്റെ മാതാവും പിതാവും ചേര്‍ന്ന് തന്നെ നഗ്നയാക്കി നിര്‍ത്തിയെന്നും ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നും തുടര്‍ന്ന് ഇരുമ്പുകമ്പി പഴുപ്പിച്ചുവെച്ചു എന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.
.
ഡിസംബര്‍ 13-നാണ് ക്രൂരകൃത്യങ്ങള്‍ അരങ്ങേറിയത്. അയല്‍വാസിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. എന്നാല്‍, യഥാര്‍ഥത്തില്‍ അയല്‍വാസി തന്നോട് ലൈംഗികാതിക്രമം നടത്തുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞു. ആവി പിടിക്കാനുള്ള മെഷീന്‍ ചോദിച്ചാണ് അയല്‍വാസി യുവതിയുടെ വീട്ടിലെത്തിയത്. കാത്തുനില്‍ക്കാന്‍ പറഞ്ഞ് യുവതി മെഷീനെടുക്കാനായി പോയപ്പോള്‍ ഇയാള്‍ അകത്ത് കയറി വാതില്‍ അടയ്ക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് യുവതി പറയുന്നു.
.
ഇതേസമയം യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി അവിടേക്ക് വന്നു. അവരെ കണ്ടതോടെ അയല്‍വാസി കടന്നുകളഞ്ഞു. പിന്നാലെ, അയല്‍വാസിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി എന്ന് ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. സംഭവദിവസം രാത്രി മുഴുവന്‍ അവര്‍ മര്‍ദ്ദിച്ചു. നഗ്നയാക്കിയ ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആയുധങ്ങള്‍കൊണ്ടും അല്ലാതെയും അടിച്ചു. പിറ്റേന്ന് രാവിലെയും ഉപദ്രവം തുടര്‍ന്നുവെന്നും യുവതി വെളിപ്പെടുത്തി.
.
ഭര്‍തൃപിതാവാണ് സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയത്. ഈ സമയം ഭര്‍തൃമാതാവ് ഇരുമ്പുകമ്പി ചൂടാക്കി തുടയിലും സ്വകാര്യഭാഗങ്ങളിലും വെച്ച് പൊള്ളിച്ചു. അതോടെ ബോധരഹിതയായി വീണു. ബോധം വന്ന ഉടന്‍ ഭര്‍ത്താവും പിതാവും ചേര്‍ന്ന് ബലമായി മോട്ടോര്‍സൈക്കിളില്‍ കയറ്റി ഗുണ ജില്ലയിലെ ഗോപിസാഗര്‍ അണക്കെട്ടിലേക്ക് കൊണ്ടുപോയി. അവിടെ നടുറോഡില്‍ ഉപേക്ഷിച്ചു. അതുവഴി നടന്നുപോയ ഒരാളാണ് തന്നെ ആശുപത്രിയിലാക്കുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
.
ആശുപത്രിയില്‍ എത്തിയ വീട്ടുകാരോട് യുവതി തനിക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനത്തെ കുറിച്ച് പറഞ്ഞു. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, മാതാപിതാക്കള്‍, അയല്‍വാസി എന്നിവര്‍ക്കെതിരെ ബി.എന്‍.എസ്സിലെ വിവിധ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ആശാവര്‍ക്കറായ യുവതി നാല് പെണ്‍കുട്ടികളുടേയും ഒരു ആണ്‍കുട്ടിയുടേയും അമ്മയാണ്. കുട്ടികളെ തനിക്കൊപ്പം വിടണമെന്ന് കാണിച്ചും യുവതി പരാതി നല്‍കിയിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.