‘ഗൃഹപ്രവേശനത്തിന് പുലർച്ചെ എഴുന്നേറ്റപ്പോൾ കണ്ടത് ആളിപ്പടരുന്ന തീ; വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ ദാരുണ കാഴ്ചകൾ’

മലപ്പുറം: വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് പിടയുന്ന ദാരുണ കാഴ്ചയാണ് ഇന്നു രാവിലെ മലപ്പുറം പൊന്നാനിയിലുണ്ടായത്. തൊട്ടടുത്ത് നിന്ന വീടിനെ തീ വിഴുങ്ങിയത് അയൽവാസി സജീവനും കുടുംബവുമാണ് ആദ്യം കണ്ടത്. സജീവന്റെ വീട്ടിൽ ഗൃഹപ്രവേശമാണ് ഇന്ന്. പാലു കാച്ചൽ ചടങ്ങ് നടത്താനായി വീട് വൃത്തിയാക്കാനായി അവർ പുലർച്ചെ രണ്ടു മണിയോടെ എഴുന്നേറ്റു. ഉറക്കമുണർന്നപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ തീ കണ്ടത്.  ആദ്യം സംഭവ സ്ഥലത്ത് എത്തിയതും അവർ തന്നെ. പിന്നാലെ വെള്ളം കോരിയൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചു.
.
ഓടിട്ട വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് നാട്ടുകാർ വീടിനുള്ളിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചു. വാതിൽ തുറന്ന് വീട്ടിലെത്തിയപ്പോൾ തന്നെ മണികണ്ഠന്റെയും അമ്മയുടെയും ഭാര്യയുടെയും നില ഗുരുതരമായിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു.
.

വീടിന് തീപിടിച്ചതാകാമെന്നാണ് ആദ്യം പൊലീസും മറ്റും കരുതിയത്. എന്നാൽ പിന്നീട് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു പൊലീസ്. വീട്ടില്‍ നിന്ന് മണ്ണെണ്ണ കുപ്പിയും പെട്രോൾ കുപ്പിയും കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. പരിശോധനയിൽ മണികണ്ഠൻ കിടന്ന മുറിയിലാണ് തീ ആദ്യം പിടിച്ചതെന്ന് മനസ്സിലായി. സ്വന്തം മുറിയിലെ കട്ടിലിന് തീയിട്ട ശേഷം മണികണ്ഠൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ ആളിപ്പടർന്നതോടെ മറ്റുള്ളവർക്കും പൊള്ളലേറ്റു.
.
ദാരുണ സംഭവത്തിൽ മണികണ്ഠൻ (50) ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവർക്കും പൊള്ളലേറ്റിരുന്നു. അവർ ചികിത്സയിലാണെങ്കിലും പരിക്ക് ഗുരുതരമല്ല.
.
പപ്പട കച്ചവടക്കാരനായ മണികണ്ഠന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ഇതാവാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച മുമ്പാണ് മകൾ നന്ദനയുടെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനായി പണം കണ്ടെത്താനായി മണികണ്ഠൻ ബുദ്ധിമുട്ടുകയായിരുന്നെന്നാണ് നാട്ടുകാരും പറയുന്നത്.

.

Share
error: Content is protected !!