ഉപ്പയെ ഖബറിൽ കിടത്തി കയറി വരുമ്പോൾ റിയാസ് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല അടുത്ത മണിക്കൂറിൽ താനും ഉപ്പയുടെ അടുത്തെത്തുമെന്ന്; നാളെ ജുമുഅ നമസ്കാരത്തിന് ശേഷം നാട്ടിൽ ഉപ്പയുടെ മയ്യിത്ത് നമസ്കാരം നടത്തണം, ഉപ്പയോടുള്ള അവസാനത്തെ ബാധ്യതയും പൂർത്തിയാക്കിയാണ് റിയാസ് മക്കയിൽ നിന്നും പുറപ്പെട്ടത്
മക്കയിൽ ഹജ്ജിനെത്തി മരണപ്പെട്ട ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസും ഇന്ന് വാഹനപകടത്തിൽ മരണപ്പെടുന്നത്. മുഹമ്മദ് മാസ്റ്ററുടെ തിരോദാനവും തുടർന്നുളള മരണ വാർത്തയും കേട്ട് ഞെട്ടൽ മാറുന്നതിന് മുമ്പാണ് അദ്ദേഹത്തിൻ്റെ മകൻ്റെ അപകട മരണത്തെ കുറിച്ചുള്ള വാർത്തയും എത്തുന്നത്. മുഹമ്മദ് മാസ്റ്ററെ കാണാതായത് മുതൽ ഇന്നലെ ഖബറടക്കം കഴിയുന്നത് വരെ റിയാസിനോടൊപ്പമുണ്ടായിരുന്ന മക്കയിലെ സാമൂഹിക പ്രവർത്തകൻ മൂജീബ് പൂക്കോട്ടൂർ ഫേസ് ബുക്കിൽ പങ്കുവെച്ച അനുഭവ കുറിപ്പ് നിറകണ്ണുകളോടെയല്ലാതെ വായിച്ച് തീർക്കാനാകില്ല.
.
ഈ വർഷത്തെ ഹജ്ജിന് റിയാസിൻ്റെ ഉപ്പയും ഉമ്മയും ഹജ്ജ് കമ്മറ്റി മുഖേന എത്തിയതായിരുന്നു. അറഫയിൽ വെച്ച് കൂട്ടം തെറ്റി ഉപ്പയായ മുഹമ്മദ് മാസ്റ്ററെ (74) കാണാതായി. മുസ്ദലിഫയിൽ വെച്ചോ മിനയിൽ വെച്ചോ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കണ്ടെത്താനായില്ല. അന്ന് മുതലാണ് സാമൂഹിക പ്രവർത്തകർ ഈ വിഷയത്തിലിടപെടുന്നത്. മക്കയിലെ സാമൂഹിക പ്രവർത്തകനായ മുജീബ് പൂക്കോട്ടൂരുൾപ്പെടെയുള്ള നിരവധി സാമൂഹിക പ്രവർത്തകർ മുഹമ്മദ് മാസ്റ്ററെ കണ്ടെത്താനായി അഹോരാത്രം പരിശ്രമിച്ചു. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റും അന്വേഷണത്തിന് നേതൃത്വം നൽകി. ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുമ്പോഴേക്കും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരുമെന്ന് മൂജീബ് പൂക്കോട്ടൂർ കുറിച്ചു.
.
ഹജ്ജ് കർമങ്ങളെല്ലാം അവസാനിച്ചതോടെ കൂടെ വന്ന ഭാര്യക്കും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കൂടെ വന്ന പ്രിയതമന് എന്ത് സംഭവിച്ചുവെന്നറിയാതെ തേങ്ങലോടെ അവർ നാട്ടിലേക്ക് മടങ്ങി. തുടർന്നുള്ള ദിവസങ്ങളിലും മുജീബ് പൂക്കോട്ടുരിൻ്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി നടക്കന്നുണ്ടായിരുന്നു. ഇതിനിടെ കുവൈത്തിലുള്ള മക്കളും രണ്ട് തവണ ഉപ്പയെ അന്വേഷിക്കാനായി മക്കയിലെത്തി. എല്ലാറ്റിനും സഹായിയായി മുജീബ് പൂക്കോട്ടൂരും കൂടെ ഉണ്ടായിരുന്നു. DNA പരിശോധനക്ക് വേണ്ട നടപടികളും സ്വീകരിച്ചു. എവിടെയും കണ്ടെത്താനാകാത്താനാതെ വന്നതോടെ എല്ലാവരും മടങ്ങി.
.

മുഹമ്മദ് മാസ്റ്റർ
.
അന്വേഷണം ഏകദേശം അവസാനിച്ചു എന്ന ഘട്ടത്തിലെത്തിയപ്പോഴാണ്, കഴിഞ്ഞ ഒന്നാം തിയതി ഒരു ഇന്ത്യൻ ഹാജിയുടെ മൃതദേഹം മുഹസ്സിം മോർച്ചറിയിലുണ്ടെന്ന് മക്ക പോലീസ് ഇന്ത്യൻ എംബസിയെ അറിയിക്കുന്നത്. മൃതദേഹത്തിലെ ടാഗിൽ നിന്നാണ് ഇന്ത്യക്കാരാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. വിവരമറിഞ്ഞ് കോണ്സുലേറ്റ് ഉദ്യോഗസ്ഥർ മോർച്ചറിയിലെത്തി, രേഖകൾ പരിശോധിച്ച് കാണാതായ മുഹമ്മദ് മാസറ്ററുടേതാണെന്ന് തിരിച്ചറിഞ്ഞു.
.
എംബസി വിവരം അറിയിച്ചതനുസരിച്ച് മുജീബും മുഹസ്സിം മോർച്ചറിയിലെത്തി രേഖകൾ പരിശോധിച്ചു മുഹമ്മദ് മാസ്റ്ററുതേട് തന്നെയെന്ന് തിരിച്ചറിഞ്ഞു. എങ്കിലും ബന്ധുക്കൾ നേരിട്ടെത്തി മൃതദേഹം തിരിച്ചറിയണം. വിവരമറിഞ്ഞ് കുവൈത്തിൽ നിന്നും മക്കളായ റിയാസും സൽമാനും അവരുടെ കുടുംബവും മക്കയിലെത്തി. മക്കയിലേക്ക് വരുന്നു എന്ന വിവരം മുജീബ് പൂക്കോട്ടൂരിനെ അറിയിച്ചിരുന്നു. ആവശ്യമായ സഹായങ്ങളെല്ലാം മുജീബ് ഒരുക്കി. മക്കയിലെത്തിയ റിയാസും സൽമാനും കുടുംബവും മുജീബ് പൂക്കോട്ടൂരിനോടൊപ്പം മുഹസ്സിം മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിഞ്ഞു.
.
![]()
.
മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്നലെ (ബുധനാഴ്ച) മഗ്രിബ് നമസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറമിൽ വെച്ച് മയ്യിത്ത് നമസ്കാരിച്ചു. ശേഷം ആംബുലൻസിൽ കയറ്റി ജന്നത്തുൽ മുഅല്ലയിലെത്തിച്ചു. മുജീബിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മുജീബിന് പിറകെ മക്കൾ രണ്ട് പേരും ഖബറിലേക്കിറങ്ങി. മതാചാരപ്രകാരം മയ്യിത്ത് ഖിബലക്ക് അഭിമുഖമായി മുഖം തിരിച്ച് ചെരിച്ച് കിടത്തി. കവിളിൽ രണ്ട് മക്കളോടും പിടിമണ്ണ് വെപ്പിച്ചു. ഖബറിൽ നിന്ന് തിരിച്ച് കയറി മൂന്ന് പിടി മണ്ണും വാരിയിട്ട് ജന്നത്തുൽ മുഅല്ലയിൽ നിന്ന് സലാം പറഞ്ഞ് മടങ്ങി.
.
എല്ലാ കർമ്മങ്ങൾക്കും കൂടെ നിന്ന് സഹായിച്ച മുജീബിനെ കെട്ടിപ്പിടിച്ച് റിയാസ് യാത്ര ചോദിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് റിയാസിൻ്റെ അവസാനത്തെ യാത്ര ചോദിക്കലായിരിക്കുമെന്ന്. റിയാസിൻ്റെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുജീബ് പൂക്കോട്ടൂർ തൻ്റെ അനുഭവകുറിപ്പ് അവസാനിപ്പിക്കുന്നത്.
.
കർമ്മങ്ങളെല്ലാം പൂർത്തിയാക്കി റിയാസും ഭാര്യയും മൂന്ന് മക്കളും കുവൈത്തിലേക്ക് തിരിച്ച് പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. കൂടെ വന്നിരുന്ന അനിയൻ സൽമാനും കുടുംബവും മക്കയിൽ നിന്ന് മടങ്ങിയിരുന്നില്ല. റിയാസും കുടുംബവും മക്കയിൽ നിന്ന് ഏകേദശം 300 കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. റിയാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യക്കും മൂന്ന് മക്കൾക്കും നിസ്സാര പരിക്കുകളേയുള്ളൂ.
.

റിയാസും കുടുംബവും
.
ഉപ്പയെ ഖബറിൽ കിടത്തി പുറത്തേക്ക് കയറി വരുമ്പോൾ ആ ചെറുപ്പക്കാരൻ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല തൊട്ടടുത്ത മണിക്കൂറിൽ തന്നെയും ഇത് പോലെ മറ്റുള്ളവർ കിടത്തുമെന്ന്. തിരുത്തിയാട്ടെ മണ്ണിൽ കടവത്ത് വീട്ടിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. വീടിനകത്തും പുറത്തും പറമ്പിലുമെല്ലാം ആളുകൾ കൂട്ടുംകൂടി നിൽക്കുന്നു. ദുഃഖം തളം കെട്ടി നിൽക്കുന്ന ആ വീട്ടിനുള്ളിൽ നിന്നും ചിലപ്പോഴൊക്കെ തേങ്ങലുകളും ഉയരുന്നുണ്ട്. എല്ലാറ്റിനും സാക്ഷിയായി ആ വീട്ടിനകത്ത് ഒരു വൃദ്ധയായ മാതാവുണ്ട്. പ്രിയതമനെ പുണ്യഭൂമിയിൽ നഷ്ടപ്പെട്ട് നിറകണ്ണുകളുമായി മടങ്ങിയ ആ വൃദ്ധ മാതാവ് ഇപ്പോൾ മകൻ്റെ ദാരുണമായ മരണവാർത്തയും കേൾക്കേണ്ടി വന്നിരിക്കുന്നു.
.
നാളെ (വെള്ളിയാഴ്ച) ജുമുഅ നമസ്കാരത്തിന് ശേഷം നാട്ടിലെ പള്ളികളിൽ മുഹമ്മദ് മാസ്റ്ററുടെ മയ്യിത്ത് നമസ്കാരം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ആ വീട്ടുകാർ. അതിനാവശ്യമായ എല്ലാ നിർദ്ദേശങ്ങളും റിയാസ് മക്കയിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ നൽകിയിരുന്നു. ഉപ്പയോടുള്ള അവസാനത്തെ ബാധ്യതയും പൂർത്തിയാക്കുമ്പോൾ റിയാസ് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല, തൻ്റെ ശിഷ്ടകാലം ഇനി ഉപ്പയോടൊപ്പമായിരിക്കുമെന്ന്.
.
മുജീബ് പൂക്കോട്ടൂരിൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം:
ചില മരണങ്ങൾ ഇങ്ങനെയാണ്.. ഇന്നലെ ഉച്ചമുതൽ കൂടെ യായിരുന്നു റിയാസ്.. ഉപ്പയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ കുവൈത്തിൽനിന്ന് മൂന്ന് മക്കളും ഭാര്യയും അനുജൻ സൽമാനും ഭാര്യയും മക്കളുമായാണ് മക്കയിൽ എത്തിയത് ഹജ്ജിന് ഉപ്പയും ഉമ്മയും എത്തിയിരുന്നു..അറഫാ സംഗമത്തിന് ശേഷം ഉപ്പയെ കാണാതായി മീനയിൽ വെച്ച് കാണുമായിരിക്കും.. കണ്ടില്ല.. കൂട്ടംതെറ്റി ഏതെങ്കിലും ഗ്രൂപ്പുകളുടെ കൂടെയുണ്ടാകും ഹജ്ജിൻറെ കർമ്മങ്ങൾ പൂർത്തിയാക്കി റൂമിൽ തിരിച്ച് എത്തും എന്ന് പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു..പക്ഷെ ദിവസങൾ മാസങ്ങൾ നീണ്ടു പോയി ഉപ്പയെ കുറിച്ച് ഒരു വിവരവും ഇല്ല.. കൂടെ ഹജജിന്എത്തിയ ഭാര്യയും മറ്റും നിറകണ്ണുകളോടെ തിരിച്ചുപോയി.. റിയാസും, സൽമാനും നിരന്തരം വാഡ്സപ്പിൽ ബന്ധപ്പെട്ടുകൊണ്ടേയിരിക്കും, കുവൈത്തിൽനിന്ന് ഉപ്പയെ അന്വഷിച്ച് രണ്ട് തവണ മക്കയിൽ എത്തി..ഡിയന്നെ ടെസ്റ്റിനുള്ള കാര്യങ്ങൾ എല്ലാംചെയ്തു.. നിരാശയോടെ വീണ്ടും മടങ്ങുകയായിരുന്നു..ഒരു ദിവസം ഒരു വാർത്ത ലഭിച്ചു ഇന്ത്യൻ എംബസിയിൽ നിന്ന് നിങ്ങൾ പ്പെട്ടന്ന് വിവരം ലഭിച്ചു..ഉപ്പയുടെ മയ്യിത്ത് കിട്ടിട്ടുണ്ട് പ്പെട്ടന്ന്മക്കയിൽ എത്തണം.. വിവരം ലഭിച്ചഉടനെ എനിക്കും വിവരം ലഭിച്ചു..ഞാൻ മുഹസ്സിം മോർച്ചറിയിൽ പോയി കണ്ടു.. ടാഗും മറ്റും കണ്ടു തിരിച്ച്അറിഞ്ഞു..മുജിബ്ക്ക ഞങ്ങൾ വരുന്നു എന്ന മെസേജ് വന്നു..മക്കയിൽ എത്തി റിയാസും, സൽമാനും ഉപ്പയുടെ മയ്യിത്ത്കണ്ടു തിരിച്ച് അറിഞ്ഞു, പിന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ മഗ്രിബിന് ശേഷം വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്ക്കരിച്ചു, ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.. എല്ലാറ്റിനും ഞാനും കൂടെ യുണ്ടായിരുന്നു… മുഹാജിരീൻ പള്ളിയിൽ കൊണ്ട് വന്നു കഫം ചെയ്യുന്നതിനും മറ്റും .. പിന്നിട് ഹറമിലെക്ക് മഗ്രിബിന് തൊട്ടു മുൻമ്പ് മയ്യിത്തുമായി എത്തി നിസ്ക്കാരത്തിന്ശേഷം വീണ്ടും ആബുലൻസിൽ കയറി ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുമ്പോൾ ഞാൻ ആദ്യം ഖബറിലേക്ക് ഇറങ്ങി.. റിയാസിനെയും, സൽമാനെയും ഖബറിലേക്ക് വിളിച്ച് ഇറക്കി മുജീബ്ക്ക ഞങ്ങൾക്ക് ഒന്നും അറിയില്ല ട്ടോ.. മയ്യിത്ത് ഞങ്ങൾ മൂന്ന്പേരും പിടിച്ച് താഴെ ഇറക്കി കിബ്‌ലക്ക് നേരേ ചെരിച്ച് ഉപ്പയെ കിടത്തി കവിളിൽ രണ്ട് മക്കളോടും പിടി മണ്ണ് വെപ്പിച്ച് ഉപ്പയോട് സലാം പറഞ്ഞ് ഖബറിൽ നിന്ന് കയറ്റി… മൂന്ന് പിടി മണ്ണ് ഖബറിന് മുകളിൽ ഇട്ടതിന് ശേഷം റിയാസ് കെട്ടിപിടിച്ച് യാത്ര ചോദിച്ചപ്പോൾ അറിഞ്ഞില്ല അവസാനത്തെ യാത്ര ചോദിക്കലാണ് എന്ന്.. മഗ്ഫിറത്തിനും മർഹമത്തിത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു..
മുജീബ് പൂക്കോട്ടുർ.



