ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനായില്ല, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ; മരണസംഖ്യ ഉയരുന്നു

വയനാട്: മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മരണം ഇനിയും ഉയരാനാണ് സാധ്യത. ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ ഉൾപ്പെടെയാണിത്. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
.

അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. നിലവിൽ പുഴയ്ക്ക് കുറുകെ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്.
.

മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലാണ് ഏറെ നാശനഷ്ടമുണ്ടായത്. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ ഈ ഭാഗത്ത് രക്ഷാപ്രവർത്തനം ഇതുവരെ സാധ്യമായിട്ടില്ല. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. ഇവിടെ സൈന്യം എത്തിയശേഷം താൽക്കാലിക പാലം നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സൈന്യം ഇതുവരെ എത്തിയിട്ടില്ല. മുണ്ടക്കൈയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി.
.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.
.
അഗ്നിരക്ഷാ സേനയുടെയും എൻഡിആർഎഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഉച്ചയോടെ 4 യൂണിറ്റ് എൻഡിആർഎഫ് സംഘങ്ങൾ പ്രദേശത്തെത്തും. വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എന്ന് പ്രദേശവാസികൾ പറയുന്നു. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.
.

കോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
.

Share
error: Content is protected !!