‘ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍’; രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം, സുപ്രീം കോടതയിൽ ഹർജി

കോഴിക്കോട്: ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍ തിരികെയെത്തിക്കുകയും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
.
രക്ഷാപ്രവര്‍ത്തനം ആറാം ദിനമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടക സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഒന്നരവയസുള്ള കുട്ടിയാണ് അര്‍ജുനുള്ളതെന്നും ആ കുട്ടിയുടെ ഭാവി കണക്കിലെടുക്കണമെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
.

രക്ഷാദൗത്യം വൈകിയതില്‍ പ്രതിഷേധമറിയിച്ച നാട്ടുകാര്‍, അര്‍ജുനെ രക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. അതേ സമയം ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തസ്ഥലത്തെത്തും. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചിരുന്നു.
.
അതിനിടെ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്.
.
അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരുമണികൂടി മാത്രമേ കരസേന ഇവിടടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ​ഗം​ഗാവാലി പുഴയിൽ വീണ്ടും തിരച്ചിൽ നടത്താൻ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയിൽ എത്തിച്ചു.
.
ആറാംദിവസം രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെ വീണ്ടും മഴ പെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാൾ കൂടുതൽ ടിപ്പർ ലോറികളും പ്രദേശത്തുണ്ട്. മണ്ണ് പുറത്തേക്ക് കൊണ്ടുപോകാൻ പത്തിലധികം ലോറികളാണുള്ളത്. രണ്ടോ മൂന്നോ ലോറികൾ മാത്രമായിരുന്നു ശനിയാഴ്ച ഉണ്ടായിരുന്നത്. കൂടുതൽ വാഹനങ്ങൾ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികൾ വേ​ഗത്തിലായി. കേരളത്തിൽനിന്നുള്ള ശക്തമായ സമ്മർദ്ദമാണ് രക്ഷാപ്രവർത്തനത്തിന്റെ വേ​ഗം കൂട്ടിയത്. ജി.പി.ആർ. സി​ഗ്നൽ കാണിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
.
ഭാരത് ബെൻസിന്റെ 12 വീലുള്ള ലോറിയിൽ തടിയുമായി കേരളത്തിലേക്ക് വരുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽനിന്ന് കാണിക്കുന്നതും മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓൺ ആയതും പ്രതീക്ഷ നൽകി. സൈന്യം ഇന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതോടെ കുടുംബവും സുഹൃത്തുക്കളും ആത്മവിശ്വാസത്തിലാണ്.
.
വാഹനത്തിന്റെ ബാറ്ററി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജിപിഎസ് ലൊക്കേഷൻ കാണിക്കുമെന്ന് വാഹനമേഖലയിലുള്ളവർ പറയുന്നു. ലോറിയുടെ കാബിൻ ആധുനിക രീതിയിലുള്ളതാണ്. ഉള്ളിൽ നല്ല സ്ഥല സൗകര്യമുണ്ട്. മണ്ണും ചെളിയും മൂടിയാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധാരണ നിലയിൽ കഴിയില്ല. രാജ്യാന്തര നിലവാരത്തിലുള്ള ശക്തിയുള്ള കാബിനാണ്. ക്രാഷ് ടെസ്റ്റിങ് നടത്തിയ കാബിനായതിനാൽ അതിന്റേതായ ഗുണമുണ്ട്. മണ്ണ് വന്നു മൂടിയാൽ കാബിന്‍ തകരില്ല. മലയിടിഞ്ഞപ്പോൾ എത്ര ശക്തിയിലാണ് മണ്ണ് വീണതെന്നോ പാറകൾ ഉണ്ടായിരുന്നോ എന്നുള്ള കാര്യം വ്യക്തമല്ല. ഇഗ്നിഷ്യൻ ഓണാണെങ്കിലും എസി കിട്ടില്ല. എസി കിട്ടണമെങ്കിൽ വാഹനം ഓണാകണം. കാബിബിലെ ഓക്സിജന്റെ അളവ് പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
.
വാഹനത്തിൽ വെള്ളമുണ്ടായിരുന്നതും പ്രതീക്ഷ നൽകുന്നു. വീട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് കർണാടക അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ലോറി ഉടമയും അർജുൻ തിരിച്ചുവരുന്നതും കാത്ത് ഷിരൂരിലുണ്ട്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.
.

Share
error: Content is protected !!