മൈക്രോസോഫ്റ്റ് തകരാർ: സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായത് സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചതായി റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. നിരവധി വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുമായി സഹകരിച്ച് ബദൽ സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൌദിയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാന കമ്പികളുമായി ആശയവിനിമയം നടത്തി, യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാനത്തിൻ്റെ സമയം, ബോർഡിംഗ് പാസ് തുടങ്ങിയ കാര്യങ്ങളിൽ കൃത്യത വരുത്തണമെന്നും അധികൃതർ അറിയിച്ചു.
.
ഫ്ളൈ നാസ്, ഫ്ലൈ അദീൽ വിമാനങ്ങളുടെ സേവനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. അതേ സമയം സൌദി എയർലൈൻസിനെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണപോല നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
.
ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾക്ക് ബാധിച്ച സാങ്കേതിക തകരാർ തങ്ങളേയും ബാധിച്ചതായി ഫ്ളൈ നാസ് അറിയിച്ചു. ഈ തകരാറ് മൂലം വെബ്സൈറ്റിലെയും മൊബൈൽ ആപ്ലിക്കേഷനിലെയും വേഗത കുറയുകയും, ഇത് മൂലം ചില വിമാനങ്ങൾ പുറപ്പെടുന്നതിൽ കാലതാമസം നേരിടാൻ കാരണമാകുകയും ചെയ്തു.
തകരാറ് പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണഗതിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബദൽ സംവിധാനങ്ങൾ നൽകുന്നതിനും സേവന ദാതാവുമായും ബന്ധപ്പെട്ട എല്ലാ അധികാരികളുമായും താൻ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഈ ആഗോള തടസ്സം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ഞങ്ങളുടെ യാത്രാ അതിഥികളോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും, ഈ അടിയന്തിര സാഹചര്യത്തെക്കുറിച്ച് മനസിലാക്കിയതിന് നന്ദി പറയുന്നുവെന്നും ഫ്ളൈ നാസ് അറിയിച്ചു. കൂടാതെ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ഉപഭോക്തൃ അവകാശ സംരക്ഷണ ചട്ടങ്ങൾക്ക് അനുസൃതമായി നഷ്ടപരിഹാരം നൽകുന്നതിനുമുള്ള ഫ്ലൈനാസിന്റെ പ്രതിബദ്ധതയും അവർ സ്ഥിരീകരിച്ചു.”
.
സാങ്കേതിക സംവിധാനങ്ങളിലൊന്നിലെ തകരാറ് കാരണം ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ സാക്ഷ്യം വഹിച്ച സാങ്കേതിക തകരാറാണ് റിസർവേഷനെയും ചെക്ക്-ഇൻ സേവനങ്ങളെയും ബാധിച്ചതെന്ന് ഫ്ലൈ അദീൽ വിമാന കമ്പനിയും വ്യക്തമാക്കി.
.