മൈക്രോസോഫ്റ്റ് തകരാർ: കേരളത്തിലെ വിമാനത്താവളങ്ങളേയും ബാധിച്ചു

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്​സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായത് കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്​സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമനി, യുഎസ്‌, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്​ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു.  ഇതോടെ നിരവധി സൈബർ സേവനങ്ങളും ഏറെ നേരം നിശ്ചലമായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പെടെ സൈബറിടത്തെ തകരാർ മൂലം തടസ്സപ്പെട്ടു.
.
മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനാണ് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിങും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.
.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മാന്വല്‍ രീതിയിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
.

നെടുമ്പാശ്ശേരിയില്‍നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഇവിടെനിന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെയുള്ള ആഭ്യന്തര സര്‍വീസുകളാണ് വൈകിയത്. സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും തകരാര്‍ പരിഹരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചതായും സിയാല്‍ അധികൃതര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
.
കൈയ്യക്ഷരത്തില്‍ തയ്യാറാക്കിയ ബോര്‍ഡിങ് പാസാണ് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്. പേരും യാത്ര ആരംഭിക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബോര്‍ഡിങ് പാസില്‍ എഴുതി നല്‍കുകയാണ്. വിമാനനമ്പര്‍, സീറ്റ് നമ്പര്‍, ബോര്‍ഡിങ് സമയം ഉള്‍പ്പെടെ എഴുതിയാണ് നല്‍കുന്നത്. തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടുവെന്നും പ്രശ്‌നംപരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.
.

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു. ടെർമിനൽ 1-ലെ ഇൻഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ടെർമിനൽ 2-വിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിയാൽ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളിൽ നേരിയ താമസം മാത്രമേയുള്ളൂ
.

സേവനങ്ങൾ തടസ്സപ്പെട്ടതോടെ തകരാർ പരഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്ക് പരാജയപ്പെടുകയും മൈക്രോസോഫ്റ്റ് നിശ്ചലമാകുകയും ചെയ​തത്. തകരാർ കണ്ടെത്തി 10 മണിക്കൂർ പിന്നിട്ടതോടെയാണ് പ്രശ്നം രാജ്യാന്തരതലത്തിലുണ്ടെന്ന് കണ്ടെത്തിയത്.
.
ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ക്രൈസ്റ്റ്ചർച്ച് രാജ്യാന്തര വിമാനത്താവത്തിലെ വിമാനങ്ങളുടെ ലാൻഡിങ്ങിന് അടക്കം തകരാർ ബാധിച്ചിട്ടുണ്ട്. ടോക്കിയോയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ജപ്പാനിലെ നരിത വിമാനത്താവളത്തിലെ വിവിധ എയർലൈനുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. യുകെയിലെ റെയിൽവേ കമ്പനിയിലെ ട്രെയിനുകളും സോഫ്റ്റ്‌വെയറിലെ തകരാർ കാരണം കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ട്.
.
അതേസമയം യുഎസിലെ വിവിധ എയർലൈനുകൾ തങ്ങളുടെ വിമാനങ്ങൾക്ക് ‘‘രാജ്യാന്തര ഗ്രൗണ്ട് സ്റ്റോപ്പ്’’ നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ എയർലൈനുകളാണ് അവരുടെ വിമാനങ്ങൾക്ക് അടിയന്തര ‘‘ഗ്ലോബൽ ഗ്രൗണ്ട് സ്റ്റോപ്പ്’’ പുറപ്പെടുവിച്ചത്. നിലവിൽ പറക്കുന്ന വിമാനങ്ങൾക്ക് യാത്രാ തുടരാമെങ്കിലും ഇതുവരെ പുറപ്പെടാത്ത വിമാനങ്ങളൊന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര തിരിക്കില്ല. ഓസ്‌ട്രേലിയ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ടെൽസാ ഗ്രൂപ്പിനെയും ക്രൗഡ്‌സ്ട്രൈക്കിലെ പ്രശ്നം ബാധിച്ചിട്ടുണ്ട്.
.

Share
error: Content is protected !!