സൗദിയിൽ കാലാവധി കഴിഞ്ഞതും ഉപയോഗ യോഗ്യമല്ലാത്തതുമായ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി
സൗദിയിലെ റിയാദിൽ കാലാവധി കഴിഞ്ഞ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി. ഭക്ഷ്യ സ്റ്റോറുകളിലൂടെയും, മറ്റു വ്യാപാര സ്ഥാപനങ്ങളിലൂടെയും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത കോഴിയിറച്ചിയും മാംസവും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പിടിച്ചെടുത്തത്.
.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സ്ഥാപനങ്ങളിലും വെയർഹൌസുകളിലും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കാലാവധി അവസാനിച്ചവയുടെ പാക്കറ്റുകളിൽ തിയതി തിരുത്തി വിൽപ്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. അതിനായി ഉപയോഗിച്ചിരുന്ന സ്റ്റിക്കറുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
.
പിടികൂടിയ കോഴിയിറച്ചിയും മാംസവും മുഴുവനായും നശിപ്പിച്ചതായി എസ്എഫ്ഡിഎ വ്യക്തമാക്കി. നിയമലംഘകർക്ക് 5 ലക്ഷം റിയാൽ പിഴ ചുമത്തി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നവർ 19999 എന്ന നമ്പറിൽ അറിയിക്കണമെന്ന് എസ്എഫ്ഡിഎ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
.