എണ്ണവിലയിൽ ഇന്ത്യക്ക് വൻ ഇളവുമായി റഷ്യ: സൗദിക്കും, ഇറാഖിനും തിരിച്ചടി

ന്യൂഡൽഹി: ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സൗദി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളായിരുന്നു ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യയുമായി അഭേദ്യബന്ധം പുലർത്തിയിരുന്നത്. എന്നാൽ ഇവർക്കിടയിലേക്കാണ് ഇപ്പോൾ റഷ്യ കടന്നുവന്നിരിക്കുന്നത്. യുക്രൈൻ യുദ്ധത്തോടെ പാശ്ചാത്യൻ രാജ്യങ്ങൾ കൈവിട്ട റഷ്യയ്ക്ക് ഏഷ്യൻ രാജ്യങ്ങളാണ് ഇപ്പോൾ ആശ്രയം. ക്രൂഡോയിൽ വില്പനയ്ക്കായി ചൈന, ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ് റഷ്യ ഇപ്പോൾ.

.

യുക്രൈൻ യുദ്ധത്തോടെ റഷ്യയ്ക്ക് പാശ്ചാത്യൻ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിരുന്നു. തുടർന്ന് പുതിയ വിപണിപിടിക്കാൻ റഷ്യ നിർബന്ധിതരാവുകയായിരുന്നു. നിലവിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വിശകലന കണക്കുകളിൽ വ്യക്തമാക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതിചെയ്തതിലൂടെ 2022 ഏപ്രിൽ 2024 മേയ് കാലയളവിൽ10.5 ബില്യൺ ഡോളറോളം വിദേശനാണ്യം ലാഭിച്ചിട്ടുണ്ടാകാം എന്നാണ് പറയുന്നത്.

.

നേരത്തെ സൗദിയിൽ നിന്നും ഇറാഖിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലാഭകരമായിരുന്നു. എന്നാൽ, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് വൻതോതിൽ ഇളവുനൽകിയതോടെയാണ് ഇന്ത്യ റഷ്യയിലേക്ക് തിരിഞ്ഞത്. ഇതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഷ്യൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതായാണ് ലഭിക്കുന്നവിവരം.

.

ഡി.ജി.സി.ഐ.എസ്. (Directorate General of Commercial Intelligence and Statistics) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-24 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 139.86 ബില്യൺ ഡോളറാണ്. ഇതേസയം മറ്റെല്ലാ വിതരണക്കാരിൽ നിന്നും ഇന്ത്യയിലെ തദ്ദേശീയ റിഫൈനറികളിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുകയാണെങ്കിൽ 145.29 ബില്യൺ ഡോളറിന്റെ വധനവ് ഉണ്ടാകുമായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

.

2023 സാമ്പത്തിക വർഷത്തിൽ 162.21 ബില്യൺ ഡോളറിന്റെ എണ്ണയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത് മറ്റുവിപണിയിൽ നിന്നായിരുന്നുവെങ്കിൽ 4.87 ബില്യൺ ഡോളറിന്റെ വർധനവ് ഉണ്ടാകുമായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ രണ്ട് മാസങ്ങളിൽ – എപ്രിൽ, മേയ്- റഷ്യയിൽ നിന്ന് ലഭിച്ച ഇളവ് 235 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

.

ഇളവ് പ്രഖ്യാപിച്ച് ഇന്ത്യയിലെ എണ്ണവിപണിയിലേക്ക് റഷ്യ പ്രവേശിച്ചതോടെ ഇറാഖ് അടക്കമുള്ള രാജ്യങ്ങളും ഇളവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യൻ വിപണിയിലെത്തുന്ന ക്രൂഡ് ഓയിൽ വിലയിൽ വൻ വ്യത്യാസങ്ങൾ വൈകാതെ തന്നെ പ്രതിഫലിച്ചു തുടങ്ങുമെന്നാണ് സൂചന.

.

Share
error: Content is protected !!