ആ വിഡിയോ കണ്ടു ഞെട്ടി, പിന്നെ അതു വിട്ടു; തുറന്നു പറഞ്ഞ് ശാലു മേനോൻ
നാല്‍പത്തിയൊന്‍പത് ദിവസത്തെ ജയിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശാലു മേനോൻ. നടി എന്ന പരിഗണനയൊന്നും അവിടെ ഇല്ലായിരുന്നുവെന്നും എല്ലാവരെയും പോലെ തറയിൽ പാ വിരിച്ചാണ് കിടന്നിരുന്നതെന്നും ശാലു മേനോൻ ഓർക്കുന്നു. വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ്‌സും അവരുടെ മാതാപിതാക്കളും മാത്രമാണെന്നും നടി തുറന്നു പറയുന്നു.
.
‘സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളത്. ഒന്നര ആഴ്ച എനിക്കു പിടിച്ചു നിൽക്കാൻ പറ്റിയില്ല. എവിടെ നിന്നോ എനിക്കൊരു ശക്തി കിട്ടിയതുകൊണ്ട് മാത്രം ആ ഘട്ടം കടന്നുപോയി. ജയിലില്‍ കിടന്നുവെന്നതിന്റെ പേരില്‍ പലരും എന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതൊക്കെ ജീവിതത്തിൽ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. പേരുദോഷം വന്നു, അതിന്റെ പേരില്‍ ഞാന്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. സത്യസന്ധമായി പോകുകയാണെങ്കിൽ ഒരിക്കലും ഒരു കലാകാരിയെ തോൽപ്പിക്കാൻ പറ്റില്ല. ഞാൻ തെറ്റുചെയ്യാത്ത ഒരാളാണ്. നല്ലൊരു തൊഴിൽ നമ്മുടെ കയ്യിലുണ്ട്. നൃത്താധ്യാപികയാണ്, കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെ മുന്നോട്ടുപോകാമെന്ന തീവ്രമായ ആഗ്രഹം എന്നിലുണ്ടായി.’ ശാലു പറയുന്നു.
‘പല തരത്തിലുള്ള ആളുകളെ ജയിലില്‍ വച്ച് കണ്ടു. 49 ദിവസം ജയിലില്‍ കിടന്നു. പലരുടെയും വിഷമങ്ങള്‍ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയില്‍ പാ വിരിച്ചാണ് ഞാനും ഉറങ്ങിയിരുന്നത്. ഒരുപാട് പേർക്കൊപ്പമല്ല ഞാൻ കിടന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വര്‍ഷമായി അവര്‍ ജയിലില്‍ കിടക്കുകയാണ്. ജാമ്യം കിട്ടിയിട്ടും ആരും അവരെ കൊണ്ടുപോകാനില്ല. മകന് ആ അമ്മയെ വേണ്ട. അതുകൊണ്ടാണ് അവര്‍ ജയിലില്‍ തന്നെ തുടരുന്നത്. ഞാൻ ജയിലിൽ നിന്നിറങ്ങിയിട്ടും ആ അമ്മ മകനെ തന്നെ പ്രതീക്ഷിച്ച് അവിടെ തുടരുകയാണ്.
അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം നമ്മുടെ കൂടി നിൽക്കും.ധൈര്യമായി മുന്നോട്ടുപോകുക. ഒറ്റപ്പെടുത്തിയവർ പിന്നീട് എനിക്കൊപ്പം വന്നു. ജയിലിൽ പോകുന്ന സമയത്ത് കുടുംബക്കാരാരും എനിക്കൊപ്പം നിന്നില്ല.’ ശാലു പറഞ്ഞു.
‘അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറിയൊരു റൂമർ കേട്ടാണ് എന്റെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകർ വരുന്നത്. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്ന മീഡിയയ്ക്ക് ഞാന്‍ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവർ വീട്ടിലേക്കു വരുന്ന സമയത്താണ് പൊലീസ് ജീപ്പു വരുന്നത്. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്. എന്റെ ജീവിതം ഇപ്പോൾ ആക്ടിവ് ആയപ്പോൾ കുടുംബക്കാരൊക്കെ തിരിച്ചുവന്നു. എനിക്കതിൽ ഒരു പ്രശ്നവുമില്ല. എന്റെ ഗ്രഹപ്പിഴ സമയത്ത് ഞാൻ അനുഭവിച്ചു, അതുവിട്ടു. എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കി മാറ്റാം.
.
മോർഫിങ് കേസും ഇതുപോലെ വന്നതാണ്. ഞാൻ തന്നെ അത് കണ്ട് ഞെട്ടിപ്പോയി. ആ വിഡിയോ കണ്ടു, എന്റെ അല്ല എന്നു മനസ്സിലായി, അത് വിട്ടു. 2009–ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. ഇന്നാണെങ്കിൽ പലർക്കും അത് മനസ്സിലാകും.’ ശാലു കൂട്ടിച്ചേർത്തു.
.