ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ആഞ്ഞുവീശി ഫലസ്തീൻ തരംഗം; ഇസ്രായേൽ അനൂകൂല നിലപാട് സ്വീകരിച്ച സ്ഥാനാർത്ഥികൾക്ക് കനത്ത തിരിച്ചടി – വീഡിയോ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അടക്കം ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ച സ്ഥാനാർത്ഥികൾ മികച്ച വിജയം നേടി. ലെസ്റ്റർ സൗത്തിൽ ഷൗക്കത്ത് ആഡം, ബർമിങ്ഹാം പെറി ബറിൽ അയ്യൂബ് ഖാൻ, ബ്ലാക്ബേണിൽ അദ്നാൻ ഹുസൈൻ, ഡ്യൂസ്ബറി ആന്റ് ബാറ്റ്ലിയിൽ ഇഖ്ബാൽ മുഹമ്മദ് എന്നീ സ്വതന്ത്രരാണ് അട്ടിമറി വിജയം സ്വന്തമാക്കിയത്. ഗസ്സ വിഷയം പ്രചാരണത്തിൽ ഉന്നയിച്ച മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും സ്വതന്ത്രനായി വിജയം കണ്ടു.
പതിറ്റാണ്ടുകളായി ലേബർ തട്ടകമായ ലെസ്റ്റർ സൗത്തിൽ ഷാഡോ കാബിനറ്റ് ഓഫീസ് മിനിസ്റ്റർ ജോനാഥൻ ആഷ്വർതിന്റെ തോൽവി പാര്ട്ടിക്ക് കനത്ത തിരിച്ചടിയായി. 979 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാർത്ഥി ഷൗക്കത്ത് ആഡമാണ് ആഷ്വർതിനെ അട്ടിമറിച്ചത്. 2011 മുതൽ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ആഷ്വർത്.
ആഡത്തിന് 35 ശതമാനം വോട്ടുകിട്ടി. ലേബർ പാർട്ടിക്ക് ലഭിച്ചത് 33 ശതമാനം വോട്ട്. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 35.3 ശതമാനം വോട്ട് കുറവ്. കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടുവിഹിതത്തിലും വലിയ ഇടിവുണ്ടായി- 10.3 ശതമാനം. ആകെ 12 ശതമാനം വോട്ടാണ് കൺസർവേറ്റീവ് സ്ഥാനാർത്ഥി ഗാരി ഹിക്ടൺ നേടിയത്. 2021ലെ സെൻസസ് പ്രകാരം 30 ശതമാനമാണ് മണ്ഡലത്തിലെ മുസ്ലിം വോട്ട്.
ഷൗക്കത്ത് ആഡം
.
തോൽവി നിരാശാജനകമാണെന്ന് ആഷ്വർത് പ്രതികരിച്ചു. ‘ഇത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നു. എന്നാൽ ഇതാണ് ജനാധിപത്യം. ലീസസ്റ്ററിലെ ജനങ്ങളുടെ ആവശ്യങ്ങൾ അധികാരത്തിലെത്തുന്ന ലേബർ ഭരണകൂടം അനുഭാവപൂർവ്വം പരിഗണിക്കും’- അദ്ദേഹം പറഞ്ഞു.
.
.
വടക്കുപടിഞ്ഞാറൻ നഗരമായ ബ്ലാക്ബേണിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി കേറ്റ് ഹോളൻ സ്വതന്ത്ര സ്ഥാനാർത്ഥി അദ്നാൻ ഹുസൈനോട് തോറ്റു. 132 വോട്ടിനാണ് അദ്നാന്റെ ജയം. ഹോളന് 10,386 വോട്ടു കിട്ടിയപ്പോൾ അദ്നാന് 10,518 വോട്ടുകൾ ലഭിച്ചു. 69 വർഷമായി ലേബർ പാർട്ടിയുടെ കൈവശമുള്ള മണ്ഡലമാണ് ബ്ലാക്ബേൺ. 2019ലെ തെരഞ്ഞെടുപ്പിൽ 64.9 ശതമാനം വോട്ടാണ് ഹോളൺ നേടിയിരുന്നത്. എന്നാൽ ഗസ്സയിലെ അധിനിവേശത്തിൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് 35 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി.
.
പടിഞ്ഞാറൻ യോർക്ഷയറിലെ ഡ്യൂസ്ബറി ആന്റ് ബാറ്റ്ലി മണ്ഡലത്തിലും ഫലസ്തീൻ അനുകൂല സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു. ലേബർ പാർട്ടിയുടെ ഹെതർ ഇഖ്ബാലിനെ സ്വതന്ത്രൻ ഇഖ്ബാൽ ഹുസൈൻ മുഹമ്മദ് ആണ് തോൽപ്പിച്ചത്- ഭൂരിപക്ഷം 8,707 വോട്ട്. ഇഖ്ബാൽ ഹുസൈന് 41.1 ശതമാനം വോട്ടും ലേബർ പാർട്ടിക്ക് 22.9 ശതമാനം വോട്ടും ലഭിച്ചു. 6152 വോട്ടു നേടി റിഫോം പാർട്ടിയുടെ ജോനാഥൻ താക്കറേ മൂന്നാമതെത്തി. ഇന്ത്യയിൽ വേരുകളുള്ള ഇഖ്ബാൽ ഹുസൈന്റെ മാതാപിതാക്കൾ 1960കളിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. ലേബർ പാർട്ടി അംഗമായിരുന്ന ഇദ്ദേഹം ഗസ്സയിലെ അധിനിവേശത്തിൽ കെയ്ർ സ്റ്റാർമറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ചിരുന്നത്. 40 ശതമാനം മുസ്ലിം വോട്ടുള്ള മണ്ഡലമാണ് ഡ്യൂസ്ബറി-ബാറ്റ്ലി.
.
ലിയാൻ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്
.
ബെർമിങ്ഹാം പെറി ബാറിലും ഫലസ്തീൻ അനുകൂല സ്വതന്ത്രൻ അട്ടിമറി വിജയം നേടി. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖാലിദ് മഹ്മൂദ്, അയ്യൂബ് ഖാനോടാണ് പരാജയപ്പെട്ടത്. 507 വോട്ടിനാണ് ഖാന്റെ വിജയം. കൺസർവേറ്റീവ് സ്ഥാനാർത്ഥി മൂന്നാമതായി.
കിഴക്കൻ ലണ്ടനിലെ ഇൽഫോഡ് നോർത്തിൽ ബ്രിട്ടീഷ്-ഫലസ്തീനിയൻ സ്വതന്ത്ര സ്ഥാനാർത്ഥി, 23കാരിയായ ലിയാൻ മുഹമ്മദ് ലേബർ പാർട്ടിയിലെ അതികായൻ വെസ് സ്ട്രീറ്റിങ്ങിനെ വിറപ്പിച്ചു കീഴടങ്ങി. 528 വോട്ടുകൾക്ക് മാത്രമാണ് ഷാഡോ ഹെൽത്ത് സെക്രട്ടറി കൂടിയായ സ്ട്രീറ്റിങ്ങിന്റെ വിജയം. ലിയാൻ 15,119 വോട്ടു നേടിയപ്പോൾ സ്ട്രീറ്റിങ് 15,647 വോട്ട് സ്വന്തമാക്കി. 2019ൽ അയ്യായിരത്തിനു മീതെയായിരുന്നു സ്ട്രീറ്റിങ്ങിന്റെ ഭൂരിപക്ഷം. ലേബർ പാർട്ടിയിലെ വലതുപക്ഷ വിഭാഗ നേതാക്കളിൽ പ്രമുഖനാണ് ഇദ്ദേഹം. സ്വന്തം മണ്ഡലത്തിൽ ഇസ്രായേൽ അനുകൂല റാലി സംഘടിപ്പിച്ച നേതാവു കൂടിയാണ് സ്ട്രീറ്റിങ്. വെടിനിർത്തൽ ആവശ്യമില്ലെന്നും ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട് എന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഫലസ്തീൻ അഭയാർത്ഥിയുടെ കൊച്ചുമകളാണ് ലിയാൻ മുഹമ്മദ്.
.
ബർമിങ്ഹാം ലേഡിവുഡ് മണ്ഡലത്തിൽ ഷാഡോ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് സ്വതന്ത്ര സ്ഥാനാർത്ഥി അഹ്മദ് യാഖൂബിൽനിന്ന് കനത്ത വെല്ലുവിളി നേരിട്ടു. ഷബാനയുടെ ഭൂരിപക്ഷം 32000ത്തിൽ നിന്ന് 3421 ആക്കി കുറയ്ക്കാൻ യാഖൂബിനായി. കൂറ്റൻ വിജയം നേടി അധികാരത്തിലെത്തിയെങ്കിലും മുസ്ലിം ജനസംഖ്യ കൂടുതലുള്ള അഞ്ചു സീറ്റുകൾ നഷ്ടപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായി. ഇതിൽ നാലിടത്ത് ജയിച്ചത് സ്വതന്ത്രരാണ്. ഒരു സീറ്റിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിയും.
.
زعيم حزب العمال البريطاني كير ستارمر يصل لمقر رئاسة الوزراء بعد تكليفه رسميا بتشكيل الحكومة من قبل الملك تشارلز الثالث.. مراسل الجزيرة محمد المدهون يرصد التفاصيل#الأخبار pic.twitter.com/h7iudHeJEd
— قناة الجزيرة (@AJArabic) July 5, 2024
.
412 സീറ്റു നേടി അധികാരം പിടിച്ചെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നേരിട്ട തിരിച്ചടി ലേബർ പാർട്ടിക്ക് ആഘാതമായി. ഗസ്സ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇസ്രായേൽ അനുകൂല സമീപനം സ്വീകരിച്ച പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ നിലപാടാണ് ജനവിധിയിൽ പ്രതിഫലിച്ചത്. ഗസ്സയ്ക്ക് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന കെയ്റിന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പിന്നീട് ഫെബ്രുവരിയിൽ ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി പ്രമേയം പാസാക്കിയിരുന്നു. ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം മാത്രമാണ് പരിഹാരമെന്ന് ലേബർ പാർട്ടി പ്രകടന പത്രികയിൽ വ്യക്തമാക്കുകയും ചെയ്തു.
.
14 വർഷത്തിന് ശേഷമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്. കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി പദത്തിൽനിന്ന് രാജിവച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തു നിന്നും സുനക് ഒഴിഞ്ഞു. രാജ്യം മാറ്റത്തിനായാണ് വോട്ടു ചെയ്തത് എന്നും പടിപടിയായി രാജ്യത്തെ പുനർനിർമിക്കുമെന്നും പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം കെയ്ൻ സ്റ്റാർമർ പറഞ്ഞു. അര നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായവരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് 61കാരനായ സ്റ്റാർമർ.
.