BJPയിലേക്ക് പോകുന്ന CPM വോട്ടുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, രൂപരേഖ തയ്യാറാക്കും; ചര്‍ച്ച വയനാട്ടില്‍
ന്യൂഡൽഹി : കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്ന സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ആകർഷിക്കാനുള്ള രൂപരേഖ തയ്യാറാക്കി കോൺഗ്രസ്. ജൂലൈ 15, 16 തീയതികളിൽ വയനാട്ടിൽ ചേരുന്ന പാർട്ടിയുടെ ലീഡേഴ്സ് കോൺക്ലേവിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ കോൺഗ്രസ് ദേശിയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സി.പി.എം. വോട്ടുകൾ ചോർന്നത് ബി.ജെ.പിയിലേക്കാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ബി.ജെ.പിയിലേക്കുള്ള ഈ ഒഴുക്ക് ഗൗരവ്വത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടഞ്ഞ് മതേതര സ്വഭാവമുള്ള വോട്ടുകൾ കോൺഗ്രസിൽ എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനാണ് രൂപരേഖ തയ്യാറാക്കുന്നത്.
ജൂലൈ 15,16 തീയതികളിൽ വയനാട് നടക്കുന്ന ലീഡേഴ്സ് കോൺക്ലേവിൽ എ.ഐ.സി.സി. നേതാക്കളായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി. ഭാരവാഹികൾ, ഡി.സി.സി. പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
‘പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം, തദ്ദേശ തെരെഞ്ഞെടുപ്പിൽ 70 % വിജയം – ‘ലീഡർസ് കോൺക്ലേവ്’ അജണ്ട
വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്തണം എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രങ്ങൾക്ക് ലീഡേഴ്സ് കോൺക്ലേവ് രൂപം നൽകും.
അടുത്ത വർഷം അവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 70 ശതമാനം സീറ്റിൽ വിജയിക്കണം എന്നാണ് കോൺഗ്രസ് ദേശിയ നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ഇതിനായി സംഘടന തലത്തിലും, രാഷ്ട്രീയ തലത്തിലും വരുത്തേണ്ട മാറ്റങ്ങൾക്കും ലീഡേഴ്സ് കോൺക്ലേവ് രൂപം നൽകും.
.