ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍; മക്കയിൽ ശൈഖ് സുദൈസ് നേതൃത്വം നൽകി – വീഡിയോ

അബുദാബി: ത്യാഗവും സമര്‍പ്പിതജീവിതവും ഓര്‍മിപ്പിച്ച് യു.എ.ഇ.യും സൗദിയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറയുടെയും പുത്രന്‍ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

.

സൌദിയിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇരുഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വ നൽകി.

.

.

.

ത്യാഗത്തോടൊപ്പം മാനവികതയുടെയും സന്ദേശംനല്‍കുന്ന ബലിപെരുന്നാളില്‍ യു.എ.ഇ.യിലെ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടന്നു. മതപ്രഭാഷണങ്ങള്‍ക്കായി കേരളത്തില്‍നിന്നടക്കം മതപണ്ഡിതന്മാര്‍ എത്തിയിരുന്നു.

.

മലയാളികള്‍ക്കായി യു.എ.ഇ.യില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കി. പോലീസ്, മുനിസിപ്പാലിറ്റി തുടങ്ങിയ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രാര്‍ഥനാസൗകര്യങ്ങള്‍ ഒരുക്കിയത്. മലയാളത്തിനുപുറമേ തമിഴ്, ഉറുദു, ഇംഗ്‌ളീഷ് ഭാഷകളിലും പെരുന്നാള്‍ ഖുതുബയുണ്ടായി.

.

കനത്തചൂടിനെ പ്രതിരോധിക്കാനായി, പെരുന്നാള്‍ പ്രാര്‍ഥനകള്‍ നടക്കുന്ന ഇടങ്ങളില്‍ ആവശ്യമായ ശീതീകരണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം നടക്കുന്ന ബലികര്‍മങ്ങള്‍ക്ക് യു.എ.ഇ.യിലെ എമിറേറ്റുകള്‍ ആവശ്യമായ സൗകര്യങ്ങളും ദിവസങ്ങള്‍ക്കുമുന്‍പുതന്നെ ഒരുക്കിയിരുന്നു. പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി പരസ്പരം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുടുബങ്ങളുടെ ഒത്തുചേരലുണ്ടാകും. രാത്രിയോടെ വിവിധയിടങ്ങളില്‍ കരിമരുന്നുപ്രയോഗങ്ങളും ഷോപ്പിങ് മാളുകളിലടക്കം ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലെല്ലാം ഈദ് ആഘോഷങ്ങള്‍ നടക്കും. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധിയായതിനാല്‍ ആഘോഷങ്ങള്‍ക്ക് തിരക്കേറും.

.

Share
error: Content is protected !!