കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ 4 വർഷത്തെ ശമ്പളം ആശ്രിതര്‍ക്ക് നൽകും; കുടുംബത്തെ കമ്പനി സംരക്ഷിക്കും: എൻബിടിസി ഡയറക്ടർ
കൊച്ചി: കുവൈത്തിലെ മാംഗെഫിലെ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 ജീവനക്കാർ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് എൻബിടിസി ഡയറക്ടർ കെ.ജി.എബ്രഹാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു.
.
തീപിടിത്തത്തിൽ മരിച്ചവരുടെ നാലുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകുമെന്നും കെ.ജി.എബ്രഹാം അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെയാണിതെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാൻ. മരിച്ചവരുടെ കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അത് കുവൈത്ത് പൊലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കേണ്ടതായിരുന്നു. ജീവനക്കാർക്ക് എയർകണ്ടിഷൻ ചെയ്ത ഫ്ലാറ്റാണ് നൽകിയിരുന്നത്. ഇത്തരത്തിൽ 32 ഫ്ലാറ്റുകൾ കമ്പനിക്കുണ്ട്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകാനും വിളമ്പാനും പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തിയിരുന്നു. മുറികളിൽ പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്’–കെ.ജി.എബ്രഹാം പറഞ്ഞു.
.