‘നുസുക് കാർഡ് ലഭിച്ചില്ല, പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും’: കരിപ്പൂരിൽ നിന്നെത്തിയ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ ദുരിതം

കൊച്ചി: കരിപ്പൂരിൽ നിന്ന് പോയ ഹജ്ജ് തീർത്ഥാടർക്ക് മക്കയിൽ തിരിച്ചറിയിൽ രേഖ കിട്ടാതെ ദുരിതത്തിലായി. കഴിഞ്ഞ ബുധനാഴ്ച മക്കയിൽ എത്തിയ 154 തീർത്ഥാടകരാണ് നുസുക് കാർഡ് കിട്ടാത്തതിനെത്തുടർന്ന് പുറത്തിറങ്ങാനാവാതെ മുറിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ രണ്ട് തീർത്ഥാടകരെ പൊലീസ് പിടികൂടി മക്ക അതിർത്തിക്കപ്പുറം കൊണ്ടുപോയതായും തീർത്ഥാടകർ പറയുന്നു.

.

എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഇവർ ഇക്കഴിഞ്ഞ ബുധനാഴ്ച മക്കയിലെത്തിയത്. എന്നാൽ അവിടെ പുറത്തിറങ്ങണമെങ്കിൽ കിട്ടേണ്ട നുസുക് കാർഡ് ഇവർക്കാർക്കും കിട്ടിയില്ല. ആഴ്ച ഒന്നാകുന്നു. ഇവരെല്ലാം താമസിക്കുന്ന മുറിയിൽ തന്നെ തുടരുകയാണ്. ഭക്ഷണം വാങ്ങാൻ പോലും പുറത്തിറങ്ങാനാകുന്നില്ല. ഇറങ്ങിയാൽ പൊലീസ് പിടികൂടി മക്കയുടെ അതിർത്തി കടത്തിവിടുകയാണ് ചെയ്യുന്നത്.

.

ഇത്തവണ പൊലീസ് പരിശോധന കർശനമാണ്. ഓൺലൈൻ വഴി ഡൌൺലോഡ് ചെയ്ത് എടുക്കുന്ന നുസുക് കാർഡ് പൊലീസ് അംഗീകരിക്കുന്നില്ല. പ്രിൻ്റ് ചെയ്ത കാർഡ് കഴുത്തിൽ തൂക്കിയില്ലെങ്കിൽ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് തീർത്ഥാടകർ പറയുന്നത്. ഇത്രയേറെ പണം ചെലവാക്കി ചടങ്ങുകൾ ഒന്നും ചെയ്യാനാവാതെ മുറിയിൽ സമയം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ ദുരിതം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

.

വിഷയം പരിശോധിച്ച് വരികയാണെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും മലപ്പുറം ജില്ലാ കലക്ടർ പറഞ്ഞു. ഇരുപത് ശതമാനം പേർക്ക് ഈ പ്രശ്നമുണ്ടെന്നും കാർഡ് കൊടുക്കാൻ പരമാവധി ശ്രമം തുടരുകയാണെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. പ്രായമായ സ്ത്രീകളടക്കമുള്ളവർ വലിയ ദുരിതത്തിലാണ്. മക്കയിൽ എത്തി ആഴ്ച ഒന്നായിട്ടും എവിടെയും പോകാൻ കഴിയാത്ത സങ്കടം ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തീർഥാടകർ.

.

 

Share
error: Content is protected !!