സൗദിയിൽ ചൂട് കൂടുന്നു; ജൂൺ 15 മുതൽ പുറം ജോലി നിരോധിച്ചു, ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി പാടില്ല

സൗദിയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 15 ശനിയാഴ്ച മുതൽ സെപ്റ്റംബർ 15 ഞായറാഴ്ച വരെ മൂന്ന് മാസത്തേക്കാണ് നിയന്ത്രണം. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലിത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, അവർക്ക് ആരോഗ്യ അപകടസാധ്യതകൾ ഉണ്ടാക്കുന്നവ ഒഴിവാക്കുക, തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകുക എന്നിവയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.

.

മേൽപ്പറയപ്പെട്ട നിയന്ത്രണങ്ങൾക്കനുസൃതമായി തൊഴിൽ സമയം നിയന്ത്രിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകണം. തൊഴിൽ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

.

സൂര്യപ്രകാശം, ചൂട് സമ്മർദ്ദം എന്നിവയുടെ പ്രത്യാഘാതങ്ങൾ തടയാനും, തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുമുള്ള നടപടിക്രമങ്ങളുടെ ഗൈഡ് മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിയന്ത്രണ കാലയളവിൽ ആരെങ്കിലും തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയാൽ അക്കാര്യം മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിൽ (19911) ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണെന്നും പൊതുജനങ്ങളോടാവശ്യപ്പെട്ടു.

.

Share
error: Content is protected !!