സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; അറഫ ദിനം ജൂൺ 15ന്,16ന് ബലിപെരുന്നാൾ

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂണ് 7 വെള്ളിയാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 15ന് ശനിയാഴ്ച (ദുൽഹജ്ജ് 9) നായിരിക്കും അറഫ ദിനം. ജൂണ് 16ന് ഞായറാഴ്ച ബലിപ്പെരുന്നാളും ആഘോഷിക്കും. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്.  ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം പുറത്തിറങ്ങും.

.

അതേ സമയം ദുൽ ഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് ദുൽഖഅദ് ഇരുപത്തിയൊമ്പത് ആയിരുന്നു.

മറ്റു ഗൾഫ് രാജ്യങ്ങളിലെ മാസപ്പിറവി അറിയിപ്പ് പുറത്ത് വന്നിട്ടില്ലെങ്കിലും,  ജൂണ് 16ന് തന്നെ ബലിപ്പെരുന്നാൾ ആകാനാണ് സാധ്യത.

സൗദി അറേബ്യയില്‍ വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുസ്ലിംകളോട് സുപ്രീകം കോടതി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മാസപ്പിറവി നിരീക്ഷണ സമിതി മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ തുടക്കവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ളവയുടെ തീയ്യതി കണക്കാക്കാനാണ് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

 

 

നഗ്ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ സാധിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലെത്തി അവ സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യവും കഴിവുമുള്ളവര്‍ അതത് മേഖലകളില്‍ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അംഗമാവണമെന്നും സൗദി പ്രസ് ഏജന്‍സിയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

.

ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ ജൂണ് 14 ന് (ദുൽഹജ്ജ് എട്ട്) വെള്ളിയാഴ്ചയായിരിക്കും ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. വെള്ളിയാഴ്ച മിനയിലെത്തുന്ന ഹാജിമാർ ശനിയാഴ്ച (ദുൽഹജ്ജ് 9ന്) ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫയിൽ സമ്മേളിക്കും. ശനിയാഴ്ച സൂര്യാസ്തമനത്തിന് ശേഷം അറഫയിൽ നിന്നും മടങ്ങുന്ന തീർഥാടകർ അന്ന് രാത്രി മുസ്ദലിഫയിൽ തങ്ങും. പിന്നീട് ഞായറാഴ്ച (ബലിപ്പെരുന്നാൾ ദിവസം) മിനയിലെത്തി ജംറയിൽ കല്ലെറിയും.  തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ത്വവാഫും സഅ് യും പൂർത്തിയാക്കും. വീണ്ടും മിനയിൽ തിരിച്ചെത്തി ബലിയറുത്ത് മുടിയെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ മിനയിലായിരിക്കും തീർഥാടകർ തങ്ങുക.

.

Share
error: Content is protected !!