സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ കരിപ്പൂരിൽ നിന്ന് പുറപ്പെട്ട ആദ്യ സംഘം മക്കയിലെത്തി, ഉംറ കർമ്മം ആരംഭിച്ചു

മക്ക: കേരള സർക്കാർ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ നിന്ന് ഇന്നലെ രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസിൽ പുറപ്പെട്ട സംഘം പുലർച്ചയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.  പുലർച്ചെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ ഹാജിമാരെ ബസിൽ മക്കയിലെത്തിക്കുകയായിരുന്നു. ഇന്ന് മൂന്ന് വിമാനങ്ങളിലായി ആകെ 498 ഹാജിമാർ മക്കയിലെത്തും. രാവിലെ ഇന്ത്യൻ സമയം എട്ടിനും വൈകീട്ട് മൂന്നിനുമാണ് മറ്റു രണ്ടു സർവിസുകൾ.

 

 

മക്കയിലെ അസീസിയയിലാണ് ഹാജിമാർക്ക് താമസ സൌകര്യമൊരുക്കിയിട്ടുള്ളത്. ആദ്യ തീർഥാടക സംഘത്തിന് വിവിധ സംഘടനകളുടെ കീഴിലുള്ള സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വളണ്ടിയർമാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സ്വീകരിക്കാനെത്തിയിരുന്നു. സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയുമായണ് ഹാജിമാരെ വരവേറ്റത്.

 

 

മക്ക അസീസിയിലെ മഹത്വത്തിൽ ബങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യമെത്തിയ 166 തീർഥാടകർക്കും താമസസൗകര്യം ഒരുക്കിയിരുന്നത്. യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് ഹജ്ജ് സർവിസ് കമ്പനി ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടാതെ മലയാളി സന്നദ്ധ പ്രവർത്തകരും ഹാജിമാർക്ക് ഭക്ഷണം നൽകി. വിശ്രമത്തിന് ശേഷം നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളണ്ടിയർമാർക്കൊപ്പം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സിൽ തീർഥാടകരെ ഉംറ കർമത്തിനായി കൊണ്ടുപോയി. ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം തീർഥാടകർ അസീസിയ്യയിലെ താമസ സ്ഥലങ്ങളിൽ മടങ്ങിയെത്തും. അസീസിയ്യയിൽ നിന്ന് ഹറമിലേക്കും തിരിച്ചും  സൌജന്യ ബസ് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.

മേയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും ഹാജിമാരുടെ വരവ് ആരംഭിക്കും.

.

Share
error: Content is protected !!