സ്‌പോൺസറുടെ അനമതിയില്ലാതെ തൊഴിൽ മാറൽ, എക്സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ്; തൊഴിൽ നിയമത്തിലെ പരിഷ്കാരത്തിലൂടെ പ്രയോജനം ലഭിച്ചത് 10 ലക്ഷം പേർക്ക്
സൗദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമത്തിലൂടെ ഇത് വരെ പത്ത് ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്പോണ്സർമാരുടെ അനുമതിയില്ലാതെ തൊഴിൽ മാറൽ, എക്സിറ്റ് റീ എൻട്രി വിസ നേടൽ, ഫൈനൽ എക്സിറ്റ് നേടൽ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമായും തൊഴിലാളികൾ ഉപയോഗപ്പെടുത്തിയത്.
2020 ലെ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചിരുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുളള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും, തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ അനുവദിക്കുന്നതിനും ഇതിലൂടെ സാധിച്ചിരുന്നു. ഇതിൽ പ്രത്യേക സാഹചര്യങ്ങളിൽ സ്പോണ്സറുടെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് നേടാനും, എക്സിറ്റി റീ എൻട്രി വിസ നേടാനുമുള്ള സ്വാതന്ത്ര്യം ഏറെ ശ്രദ്ധേയമായിരുന്നു.
തൊഴിൽ നിയമത്തിലെ പരിഷ്കാരം പ്രാബല്യത്തിലായതോടെ തൊഴിൽ തർക്കങ്ങൾ 50 ശതമാനം കുറഞ്ഞതായി മന്ത്രാലയം അറിയിച്ചു.
പ്രവാസി തൊഴിലാളി നാട്ടിൽ നിന്നും സൌദിയിലെത്തിയത് മുതൽ ആദ്യ തൊഴിലുടമയുടെ അടുത്ത് എത്ര കാലം ജോലി ചെയ്യണമെന്നും, അതിന് ശേഷം തൊഴിൽ മാറാൻ എന്തെല്ലാം ചെയ്യണമെന്നുമുള്ള എല്ലാ ചട്ടങ്ങളും ഉൾപ്പെടുത്തിയുള്ള തൊഴിൽ കരാർ നിർബന്ധമാക്കിയതാണ് പരിഷ്കരിച്ച തൊഴിൽ നിയമത്തിലെ മറ്റൊരു ശ്രദ്ദേയമായ കാര്യം. സൌദിയിലെത്തിയാൽ ആദ്യ തൊഴിലുടമയോടൊപ്പം 12 മാസം പൂർത്തിയാക്കിയാലാണ് തൊഴിലാളിക്ക് സ്പോണ്സറുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്ക് ജോലി മാറാൻ അനുവാദമുള്ളൂ. എന്നാൽ 90 ദിവസത്തിനകം ഇഖാമ അനുവദിക്കാതിരിക്കുക, സ്പോണ്സർ ബിനാമി കേസിലോ മറ്റോ ജയിലിലാവുക, തുടർച്ചയായി 3 മാസം ശമ്പളം ലഭിക്കാതിരിക്കുക തുടങ്ങിയ ചില പ്രത്യേക സാഹചര്യങ്ങളിൽ സ്പോണ്സറുടെ അനുമതിയില്ലാതെ തൊഴിൽ മാറാൻ 12 മാസം കാത്തിരിക്കേണ്ടതില്ല.
.