ദൃശ്യങ്ങൾ പുറത്ത്: ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറുടെ വാദം പൊളിയുന്നു; ഡ്രൈവറുടെ പരാതി നിലനിൽക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് കാർ കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പച്ചക്കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പു‌റത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

.

കാര്‍ പാളയത്തുവെച്ച് ബസിന് കുറുകെ ഇട്ട് വാഹനം തടഞ്ഞുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. ബസിന്റെ ഇടതുവശത്തു കൂടി ഓവര്‍ ടേക്ക് ചെയ്ത് സീബ്ര ക്രോസിങ്ങില്‍ കൂടി ബസിന് കുറുകെ നിര്‍ത്തുകയായിരുന്നു. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്. സംഭവം നടക്കുമ്പോള്‍ റെഡ് സിഗ്‌നലാണെന്ന വാദത്തിനും ബലമില്ല. കാരണം വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്.

.

ബസ് തടയുന്നതിനു വേണ്ടിയാണ് കാർ മുന്നിലിട്ടതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതോടെ മേയർ പൊലീസിനു നൽകിയ മൊഴിയും പൊളിയും. തന്റെ നിയന്ത്രണത്തിലുള്ള സ്മാർട്ട് സിറ്റി അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ മേയർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾചോദിച്ചപ്പോൾ നിങ്ങൾ കണ്ടെത്തിക്കോളൂ എന്നായിരുന്നു ആര്യയുടെ മറുപടി. കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിരുന്നില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ദൃശ്യം പുറത്തുവന്നതോടെ തന്റെ സർവീസ് മുടക്കിയെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കും.  കെഎസ്ആർടിസി നിയമമനുസരിച്ച് ട്രിപ്പ് മുടക്കിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ കെട്ടിവെക്കേണ്ടി വരും.

.

“ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു ആര്യ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു കാര്യവും സംസാരിക്കാൻ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമായി ഇതിനെ കാണരുത്. സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത് എന്നുമാണ് മേയർ മാധ്യമങ്ങളോട് പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു  മേയറുടെ വാദം.
.

.

അതേസമയം, മേയറുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് ഡ്രൈവർ യദുവിൻ്റെ വാദം.  മേയർ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താൻ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാർത്ഥം ഉപയോഗിച്ചില്ല. എം.എൽ.എ സച്ചിൻ ദേവ് മോശമായി പെരുമാറുകയായിരുന്നു. മേയർ കാണിച്ചത് തോന്നിവാസമാണെന്നും ഡ്രൈവർ ആരോപിച്ചു.

.

ഡ്രൈവറുടെ ഭാഗത്തുനിന്ന് തെറ്റായ പ്രവൃത്തിയുണ്ടായെങ്കില്‍ തന്നെ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍കൂടി ഉചിതമായ നടപടി എടുക്കാമെന്നിരിക്കെ നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിമര്‍ശനം ഉയരുകയാണ്. മേയറുടെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുടെയും ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ അനുചിതമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

.

മേയറും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറോടിച്ചയാള്‍ ഗതാഗത നിയമം ലംഘിച്ചുവെന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരായ ആരോപണങ്ങള്‍ മേയര്‍ കടുപ്പിച്ചത്. മേയറും എംഎല്‍എ കൂടിയായ ഭര്‍ത്താവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്ന വിഷയമായി മാറിയതോടെ ആര്യ ആരോപണം കടുപ്പിക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ പ്രവൃത്തി ഗതാഗത നിയമലംഘനത്തിലുപരി സ്ത്രീയ്‌ക്കെതിരായ വിഷയമായി ആര്യാ രാജേന്ദ്രന്‍ പുതിയ മാനം നല്‍കി. ഇതിനൊപ്പം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചുവെന്നും ഇയാള്‍ക്കെതിരെ മുമ്പും മോശം ഡ്രൈവിങ്ങിന്റെ പേരില്‍ കേസുകളുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണം വ്യാജമാണെന്ന് കണ്ടെത്തി. മറ്റ് കേസുകള്‍ ഉണ്ടെങ്കിലും മേയറും സംഘവും കാണിച്ച നിയമലംഘനങ്ങള്‍ക്ക് ന്യായീകരണമാകില്ല.

.

അതേസമയം, വിഷയത്തില്‍ ബസിലെ യാത്രക്കാരുടെ മൊഴി കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുണ്ട്. ഡ്രൈവറിന് അനുകൂലമായാണ് യാത്രക്കാരുടെ മൊഴിയെന്നാണ് സൂചന. ബസില്‍നിന്ന് എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം യാത്രക്കാരും ശരിവെച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു.

.

 

Share
error: Content is protected !!