അജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ ക്രൂരമായി തല്ലിക്കൊന്നു

രാജസ്ഥാനിലെ അജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍(30) ആണ് കൊല്ലപ്പെട്ടത്. ദൗറായ് കാഞ്ചന്‍ നഗര്‍ ഏരിയയിലെ മുഹമ്മദി മദീനാ മസ്ജിദിനുള്ളില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ഇമാമിനെ വടികൊണ്ട് ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ കണ്‍മുന്നിലാണ് അരുംകൊല നടന്നത്. ഈ സമയം പള്ളിക്കുള്ളിലുണ്ടായിരുന്ന ആറ് കുട്ടികളെയും ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമെന്ന് രാംഗഞ്ച് പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള രവീന്ദ്ര സിങ് പറഞ്ഞു. പള്ളിയില്‍ പഠിക്കുന്ന ചില കുട്ടികളും ഇവിടെ താമസിച്ചിരുന്നു. സംഭവസമയം ആറ് കുട്ടികളാണ് പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നത്. രാത്രി മൂന്നോടെ കുട്ടികളുടെ നിലവിളി കേട്ട്  പുറത്തിറങ്ങിയ സമീപവാസികളാണ് വിവരം പോലിസിനെ അറിയിച്ചത്. മസ്ജിദിന് പിന്നില്‍ നിന്നെത്തിയ അക്രമികള്‍ കൊലപാതകം നടത്തിയ ശേഷം അതേവഴി രക്ഷപ്പെടുകയായിരുന്നു.

.

സംഭവത്തിന്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും പോലിസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേരാണ് കൊലപാതകികളെന്ന് വ്യക്തമായിട്ടുണ്ട്. അക്രമികളെക്കുറിച്ചും കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്.

.

ഒക്‌ടോബര്‍ 28ന് പള്ളിയിലെ ചീഫ് ഇമാം മൗലാനാ മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ ചീഫ് ഇമാം ആക്കിയത്. ഏഴ് വര്‍ഷം മുമ്പ് രാംപൂരില്‍ നിന്ന് ഇവിടെയെത്തിയ അദ്ദേഹം ഇവിടെ താമസിച്ച് പള്ളിയിലെ ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവരികയായിരുന്നു. 15 കുട്ടികളാണ് ഇദ്ദേഹത്തൊടൊപ്പം പള്ളിയില്‍ താമസിച്ച് പഠിച്ചിരുന്നത്.

.

Share
error: Content is protected !!