ഹജ്ജിൻ്റെ മറവിൽ വൻ തട്ടിപ്പ്; 25 ലധികം വ്യാജ ഹജ്ജ് കമ്പനികൾ പിടിയിൽ, പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമെന്ന് ഉന്നത പണ്ഡിതസഭ

വ്യാജ ഹജ്ജ് കമ്പനികളുടെ വഞ്ചനിൽ കുടുങ്ങരുതെന്നും അത്തരം പരസ്യങ്ങളെ കരുതിയിരിക്കണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.  വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപകമായി വ്യജ ഹജ്ജ് കമ്പനികളുടെ പരസ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. ഹജ്ജ് വിസയിൽ എത്തുന്നവർക്ക് മാത്രമേ ഹജ് ചെയ്യാൻ അനുവാദം നൽകൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് ആകർഷകമായി സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയകളിൽ വ്യാജ പരസ്യം നൽകിയ 25-ലധികം വ്യാജ കമ്പനികളെ ഇറാഖിൽ അറസ്റ്റ് ചെയ്തു. ഇറാഖ് സർക്കാരിൻ്റെ നടപടിയിൽ സൌദി ഹജ് ഉംറ മന്ത്രാലയം നന്ദി അറിയിച്ചു.

സൌദി അധികൃതർ നൽകുന്ന ഹജ്ജ് വിസ ഉപയോഗിച്ച് അവരുടെ ഹജ്ജ് കാര്യ ഓഫീസുകൾ വഴിയോ, വിദേശ രാജ്യങ്ങൾക്കായി അനുവദിച്ചിട്ടുള്ള  ഹജ്ജ് ഉംറ പ്ലാറ്റ് ഫോം വഴി അതത് രാജ്യങ്ങളുടെ സർക്കാരുകൾ വഴിയോ മാത്രമേ ഹജ്ജ് നടപടിക്രമങ്ങൾ നേരായ രീതിയിൽ പൂർത്തീകരിക്കാനാകൂവെന്നും മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിൽ ഔദ്യോഗിക ഹജ്ജ് ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉംറ, വിനോദസഞ്ചാരം, ജോലി, കുടുംബ സന്ദർശനം, ട്രാൻസിറ്റ് വിസകൾ, മറ്റ് തരത്തിലുള്ള വിസകൾ എന്നിവയിൽ സൌദിയിലെത്തിയാൽ ഹജ് ചെയ്യാൻ അനുവദിക്കില്ല. അധികാരികൾ ചുമത്തുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാൻ എല്ലാവരോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

വ്യാജ ഹജ് കമ്പനികളുടെ പരസ്യങ്ങളും വ്യാജ പ്രചാരണങ്ങളും തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അവയെ ചെറുക്കുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും, അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അതേ സമയം ഹജ്ജ് അനുമതിപത്രമില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നത് അനുവദനീയമല്ലെന്നും പാപമാണെന്നും സൌദിയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ വ്യക്തമാക്കി. തീർഥാടകരുടെ എണ്ണം കൃത്യമായിരുന്നാൽ മാത്രമേ അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ നിലനിർത്താനാവുകയുള്ളൂ. അതിന് പെർമിറ്റെടുക്കാതെ ഹജിന് വരുന്നവർ തടസമാകുമെന്നും പണ്ഡിതന്മാർ വ്യക്തമാക്കി.

ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യത ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ്. ആളുകൾക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും എളുപ്പമാക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഹജ്ജ് പെർമിറ്റ് നിർബന്ധമാക്കിയത്. വലിയ ജനക്കൂട്ടത്തെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ചടങ്ങ് നടത്താൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള തീർഥാടകരുടെ എണ്ണം ക്രമീകരിക്കാൻ പെർമിറ്റ് നിർബന്ധമാണെന്നും ഇത് ശരിഅത്ത് നിയമങ്ങളനുസരിച്ച് നിർണ്ണയിച്ചിട്ടുള്ളതാണെന്നും പണ്ഡിതന്മാർ വ്യക്തമാക്കി.

.

Share
error: Content is protected !!