രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ; രാഹുലിൻ്റെ DNA പരിശോധിക്കണം, അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയെ ജയിലിലടക്കാത്തതെന്തേ എന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധിയെന്ന ആ പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ്. യാതൊരു തർക്കവുമില്ല’, പി.വി. അൻവർ പറഞ്ഞു.
.
രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്ന് പി.വി.അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘‘ രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി.
.
രാഹുൽഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദ സംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ ഈ ഘട്ടത്തിൽ അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിനു  ചേർന്നതല്ല. രാജ്യത്ത് അതീവ ഗൗരവമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ രാഹുൽ ഗാന്ധി ഇവിടെയുണ്ടാകില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.
.

വിഷലിപ്തമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനു പ്രധാനമന്ത്രി നേതൃത്വം നൽകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി സർക്കാരിന് ഇനിയൊരു ഊഴം കൂടി ലഭിച്ചാൽ അത് രാഷ്ട്രത്തിനു തന്നെ അപകടമുണ്ടാക്കും. ബിജെപിയെ പരാജയപ്പെടുത്താനുള്ള പൊതുസാഹചര്യം ഉയർന്നുവന്നിരിക്കുകയാണ്. അത് ബിജെപിക്കും മനസിലായി തുടങ്ങി. വർഗീയ കാർഡ് ഇറക്കിക്കളിക്കാൻ തയാറായിരിക്കുന്നത് അതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

.

‘‘പ്രധാനമന്ത്രി അടക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടുണ്ട്. ഇതിൽ ഒന്നിൽപോലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിട്ടില്ല. പച്ചയായി തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് പറയാൻ പാടില്ലാത്ത രീതിയിൽ പ്രധാനമന്ത്രി വർഗീയ പ്രചാരണം നടത്തി. പക്ഷെ കമ്മിഷൻ ഇടപെടുന്നില്ല. കമ്മിഷൻ അതിന്റെ നിഷ്പക്ഷത ജനങ്ങൾക്കു മുന്നിൽ ബോധ്യപ്പെടുത്തേണ്ട ഒരു ഘട്ടമാണിത്. ഇതേവരെ ഒരുക്ഷരം പറഞ്ഞിട്ടില്ല. കോടതിക്കു മുന്നിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യേണ്ടി വരും. ബിജെപിക്കെതിരായ പൊതുവികാരം കൂടുതൽ ശക്തമാവുകയാണ്’’– മുഖ്യമന്ത്രി പറഞ്ഞു.

.

 

Share
error: Content is protected !!