സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം യാത്രക്കാരിക്കുണ്ടായ സാമ്പത്തികവും മാനസികവുമായ നാശനഷ്ടങ്ങള്‍ക്ക് പകരമായി അവര്‍ക്ക് 20,000 റിയാല്‍ നല്‍കാനാണ് കോടി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെയോ യാത്രക്കാരിയുടെയോ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

തന്നെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കും കോടതി ചെലവുകള്‍ക്കും നഷ്ടപരിഹാരമായി അഞ്ച് ലക്ഷം റിയാല്‍ ആവശ്യപ്പെട്ട് എയര്‍ലൈനിനെതിരേ യാത്രക്കാരി നല്‍കിയ പരാതിയിലാണ് ഖത്തര്‍ കോടതിയുടെ ഉത്തരവ്.

.

ദോഹയില്‍ നിന്ന് മറ്റൊരു അറേബ്യൻ രാജ്യത്തേക്ക് പുറപ്പെടാനായി യാത്രക്കാരി വിമാനത്തിന്റെ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് ഗെയിറ്റിലെത്തിയപ്പോള്‍ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ജീവനക്കാർ തടയുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ പരമാവധി പറഞ്ഞുനോക്കിയെങ്കിലും ജിവനക്കാരന്‍ വഴങ്ങാന്‍ തയ്യാറായില്ല. വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് താന്‍ ബോര്‍ഡിംഗ് ഗേറ്റില്‍ എത്തിയതെന്നും പരാതിയില്‍ പറയുന്നു. അക്കാര്യം പറഞ്ഞു നോക്കിയെങ്കിലും ജീവനക്കാരന്‍ തനിക്കെതിരേ കയര്‍ക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

യാത്ര മുടങ്ങിയതുമൂലം തനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അതോടൊപ്പം മാനസികമായ പീഡനം സഹിക്കേണ്ടിവന്നതായും ഇതിന് മതിയായ നഷ്ടപരിഹാരം വേണമെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. യാത്രക്കാരിയെ പ്രതിനിധീകരിച്ച് ഖത്തരി ലോയേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗം അബ്ദുല്ല നുഐമി അല്‍ ഹജ്രിയാണ് കോടതിയില്‍ ഹാജരായത്.

.

യാത്രാ ടിക്കറ്റ് എടുക്കുന്നവരുമായി എയര്‍ലൈനുമായി ഒരു കരാര്‍ ഉടമ്പടിയാണ് ഉണ്ടാക്കുന്നതെന്നും ലക്ഷ്യസ്ഥാനത്തേക്ക് യാത്രക്കാരെ എത്തിക്കേണ്ട നിമയപരമായ ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്നും അദ്ദേഹം വാദിച്ചു. യാത്രയ്ക്ക് ആവശ്യത്തിന് സമയമുണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ച ജീവനക്കാരന്റെ നടപടി ഗുരുതരമായ കൃത്യവിലോപമായി കാണണമെന്നുള്ള അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച കോടതി, നഷ്ടപരിഹാരമായി 20,000 റിയാല്‍ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.

.

 

Share
error: Content is protected !!