ദുബായിൽ കെട്ടിടത്തിൻ്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു
ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു.
ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ഒരുവശം മണ്ണിനടിയിലേക്കു താഴ്ന്നുപോയത്. 108 അപാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഒട്ടേറെ മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഉടൻ സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതർ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ അനന്തര ഫലമാണിതെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ഇന്ന് (ശനി) മാത്രമേ ലഭ്യമാകുകയുള്ളൂ.
.