ട്രാഫിക് പിഴകളിലെ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ; യാത്ര വിലക്കുൾപ്പെടെ നേരിടുന്ന പ്രവാസികൾക്ക് ആശ്വാസം. നടപടിക്രമങ്ങൾ അറിയാം

സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴകളിലെ ഇളവ് ഇന്ന് മുതൽ പ്രബാല്യത്തിൽ. മലയാളികളുൾപ്പെടെ നിരവധി പേർക്ക് ഇന്ന് ഇളവ് ലഭിച്ചു. ഇന്നലെ (ഏപ്രിൽ 17) വരെ ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനമാണ് ഇളവ് ലഭിക്കുക. ഒക്ടോബർ 18 വരെ ഈ ഇളവ് തുടരും. അതേ സമയം ഇന്ന് മുതൽ ഒക്ടോബർ 18 വരെ ചുമത്തപ്പെടുന്ന പുതിയ പിഴകൾക്ക് 25 ശതമാനവും ഇളവ് ലഭിക്കുന്നതാണ്. ഇതും ഒക്ടോബർ 18ന് മുമ്പ് അടച്ച് തീർക്കണം. ഒന്നിലധികം പിഴകൾ ലഭിച്ചവർക്ക് അവ ഒന്നിച്ചോ ഓരോന്നും വെവ്വേറെയായോ അടക്കാവുന്നതാണ്.

ബാങ്കുകളിലെ സദാദ് സംവിധാനത്തിലുടെയോ ഇഫ  (https://efaa.sa/) പ്ലാറ്റ് ഫോമിലൂടെയോ സാധാരണപോലെ പിഴയടക്കാം. പഴിയിൽ ഇളവ് ലഭിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. പിഴ ചുമത്തപ്പെട്ടവർക്ക് ഇന്ന് മുതൽ സ്വമേധയാ ഇളവ് ലഭിക്കും. പിഴയടക്കാൻ പ്രത്യേകമായ ഏതെങ്കിലും സൈറ്റുകളിലോ ലിങ്കുകളിലോ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പിഴയടക്കാനായി ഏതെങ്കിലും ഓഫീസുകളിൽ കയറി ഇറങ്ങേണ്ട കാര്യവും ഇല്ല.

.

പിഴയടക്കാത്തത് മൂലം യാത്ര വിലക്ക് നേരിടുന്നതുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ആകെ പിഴ തുകയുടെ പകുതി അടച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകാനും യാത്രവിലക്കുൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.

ആർക്കെങ്കിലും തെറ്റായ രീതിയിൽ പിഴ ചുമത്തപ്പെട്ടാൽ അപ്പീൽ സമർപ്പിക്കാൻ അനുവാദമുണ്ട്. നിശ്ചിത സമയത്തിനകം അപ്പീൽ സമർപ്പിക്കുകയോ, ഇളവ് കാലയളവിൽ പിഴ അടച്ച് തീർക്കുകയോ ചെയ്യാത്ത പക്ഷം, വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും മന്ത്രാലയത്തിന് നീക്കമുണ്ട്.

അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. അനുവദിക്കപ്പെട്ടെ വേഗപരിധിക്കും മുകളിൽ 30 കി.മീ അധിക വേഗത്തിൽ വാഹമോടിക്കൽ, വാഹനാഭ്യാസം നടത്തൽ,  ലഹരി മരുന്നുപയോഗിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴയിൽ  ഇളവുണ്ടാകില്ല. പരമാവധി 120 കി.മീ വേഗത അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വേഗതയിൽ വാഹനമോടിച്ചാലും, 140 കി.മീ അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വാഹനമോടിച്ചാലും ഇളവ് ലഭിക്കില്ല.

.

Share
error: Content is protected !!