40 വർഷത്തിലേറെയായി മദീനയിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി കാപ്പിയും ചായയും വിതരണം ചെയ്തിരുന്ന അബു സബാ വിടവാങ്ങി

മദീനയിൽ എത്തുന്ന വിശ്വാസികൾക്ക് സൗജന്യമായി ചായയും ഗഹ് വയും (കാപ്പി) പലഹാരങ്ങളും ഈത്തപ്പഴവുമെല്ലാം വിതരണം ചെയ്തിരുന്ന സിറിയൻ പൌരനായിരുന്ന ആ വയോധികൻ യാത്രയായി. അബു അൽ-സബ എന്നറിയപ്പെടുന്ന ശൈഖ് ഇസ്മായിൽ അൽ-സൈം തൻ്റെ 96ാം വയസ്സിൽ ഇന്നലെ (ചൊവ്വാഴ്ച) യാണ് മരണപ്പെട്ടത്.

അമ്പതിലധികം വർഷങ്ങൾക്ക് മുമ്പ് സിറിയയിലെ ഹമാ നഗരത്തിൽ നിന്ന് വന്ന് മദീനയിൽ താമസമാക്കിയതായിരുന്നു അദ്ദേഹം. 40 വർഷത്തിലേറെയായി മുടക്കമില്ലാതെ എല്ലാ ദിവസങ്ങളിലും മദീനയിലെത്തുന്ന വിശ്വാസികൾക്ക് സൗജന്യമായി ചായയും ഗഹ് വയും വിതരണം ചെയ്യുമായിരുന്നു ഇദ്ദേഹം. ഇതൊരു സൽകർമ്മമായാണ് താൻ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിൻ്റെ മക്കളും വിതരണത്തിൽ അദ്ദേഹത്തെ സാഹയിക്കാനായി കൂടെ ഉണ്ടാകും.

 

 

1982 മുതൽ തുടങ്ങിയതാണ് ഈ സൌജന്യ ഗഹ് വ ചായ വിതരണം. തൻ്റെ വീട്ടിൽ നിന്നും തയ്യാറാക്കുന്ന രുചികരമായ ചായയും കാപ്പിയും നിരവധി ഫ്ലാസ്കുകളിലായി കൊണ്ടുവരും. ഇവ ചൂടോട് കൂടി തന്നെ വിശ്വാസികൾക്ക് പകർന്ന് നൽകും. ദൈവപ്രീതിക്കപ്പുറം ആരിൽ നിന്നും ഒരു പ്രതിഫലവും ആഗ്രഹിച്ചിരുന്നില്ല.

 

 

 

അബു അൽ-സബയുടെ ദാനം ചൂടുള്ള പാനീയങ്ങൾ വിതരണം ചെയ്യുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല, പകരം അദ്ദേഹം ദരിദ്രരെ സഹായിക്കുകയും തൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് അവർക്ക് സഹായം നൽകുകയും ചെയ്തു.

 

 

വാർധക്യത്തിലും തളരാത്ത ഇദ്ദേഹത്തിൽ നിന്ന് ഇക്കാലത്തിനിടെ ചായയും ഗഹ് വയും വാങ്ങി കഴിച്ച ഹാജിമാരുടേയും സന്ദർശകരുടംയും ഉംറ തീർഥാടകരുടെയും എണ്ണത്തിന് കണക്കില്ല.

 

 

ഒരു പ്ലാസ്റ്റിക് കസേരയിലിരുന്ന് തൻ്റെ മുന്നിലുള്ള തട്ടിൽ ചായയും കാപ്പിയും നിരത്തി വെച്ച് വിശ്വാസികളെ കാത്തിരിക്കുന്ന ആ വലിയ മനുഷ്യനെ കുറിച്ചുള്ള നല്ല ഓർമ്മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

.

 

 

Share
error: Content is protected !!