കനത്ത മഴ തുടരുന്നു, വ്യാപക നാശം: യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. ഭയാനക കാഴ്ചകൾ – വിഡിയോ

ഗൾഫ് രാജ്യങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി തുടങ്ങി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കിയവയിലുണ്ട്. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങൾ കേരളത്തിലേക്കും വരുന്നില്ല. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

 

 

ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത്
യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

 

.

ദുബായിലും വിമാനങ്ങൾ റദ്ദാക്കി
ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.

 

 

 

യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.

.

റെഡ് അലർട്ട്
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഒമാനിൽ മഴയിൽ മരണം 18 ആയി.

 

 

 

.

75 വർഷത്തിനിടയിലെ വമ്പൻ മഴ
കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം  സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം  24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്.

 

 

 

1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച മുതലുള്ള തോരാ മഴ. അപൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖര തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

 

 

 

.

Share
error: Content is protected !!