CPMൻ്റെ അക്കൗണ്ട് മരവിപ്പിച്ചാലോ, ED വിചാരിച്ചാലോ സുരേഷ് ഗോപി രക്ഷപ്പെടില്ല-പിണറായി

സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ നൽകുന്ന സംഭാവന തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുണ്ട്. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും. ഇ.ഡി.ക്കോ, ബി.ജെ.പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.

.

നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സർക്കാർ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനം അവർ സ്വീകരിക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി ചിലർ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല.

കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നല്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് ഞങ്ങൾക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

.

2019-ലേതിന് നേർ വിപരീതമായ ഫലമായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയും ആ പാർട്ടി നയിക്കുന്ന മുന്നണിയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്കോ അവഗണനീയമായ അവസ്ഥയിലേക്കോ തള്ളപ്പെടും. കോൺഗ്രസ്സ് നയിക്കുന്ന മുന്നണിക്ക് കേരള ജനത കനത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബി.ജെ.പിയുടെ പ്രകടനപത്രികയിൽ വർഗീയ അജണ്ടയാണ് നിറഞ്ഞു നിൽക്കുന്നത്. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് “പ്രോഗ്രസ്സ് റിപ്പോർട്ടിനെ ” കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബി.ജെ.പിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്ദാനങ്ങൾ. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സി.എ.എയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് നേട്ടമായി ബി.ജെ.പി. എടുത്തു കാട്ടുന്നത്.

 

വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി അവകാശപ്പെട്ടു. പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്ന് കൂടി പറയേണ്ടേ? – മുഖ്യമന്ത്രി ചോദിച്ചു.

.

കേരളം, നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമത്, ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം, ആരോഗ്യ സൂചികയിൽ തുടർച്ചയായി നാല് വർഷവും ഒന്നാമത്, ഊർജ്ജ കാലാവസ്ഥ സൂചികയിൽ രണ്ടാമത്, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുളള കേന്ദ്രസർക്കാരിന്റെ അവാർഡ്, ഉയർന്ന ദിവസ വേതനമുള്ള സംസ്ഥാനമായി റിസർവ് ബാങ്കിന്റെ അംഗീകാരം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചികയിൽ ഒന്നാമത്. മികച്ച വാർദ്ധക്യ പരിചരണത്തിന് വയോശ്രേഷ്ഠതാ സമ്മാൻ -ഇങ്ങനെ അംഗീകാരങ്ങളുടെ നീണ്ട പട്ടികയുണ്ട്. ഇതെല്ലാം വഴി പോകുമ്പോൾ കളഞ്ഞു കിട്ടിയതാണോ? ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്തത്രയും ഉയരത്തിൽ നിൽക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് രാഷ്ട്രീയമായ വേട്ടയാടലിലും കേരളത്തെ അംഗീകരിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞ റാങ്കിങ്ങുകളിൽ ഉത്തർപ്രദേശ് എത്രാം സ്ഥാനത്തു നിൽക്കുന്നു എന്നത് വരാണസി എംപി കൂടിയായ പ്രധാനമന്ത്രി സ്വയം ചോദിച്ചു നോക്കുന്നത് നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

.

 

Share
error: Content is protected !!