അബ്ദു റഹീമിൻ്റെ മോചനം: കോടതി നടപടികൾ ആരംഭിച്ചു, ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ ആരംഭിച്ചു. റഹീമിനെ മോചിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഹർജി സൗദി കോടതി ഫയലില്‍ സ്വീകരിച്ചു.
.
നേരത്തെ വാദി ഭാഗവുമായി ഉണ്ടാക്കിയ ഒത്തു തീർപ്പ് കരാറിൻ്റെ അടിസ്ഥാനത്തിൽ മോചന ദ്രവ്യം നൽകാൻ പ്രതിഭാഗം തയ്യാറായ സാഹചര്യത്തിലാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്. കേസ് തീർപ്പാക്കാനാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകർ മുഖേനയാണ് കോടതിൽ ഹർജി നൽകിയത്. കേസിൽ വാദം കേൾക്കുന്നതിനുള്ള തിയതി കോടതി പിന്നീട് ഇരുവിഭാഗം അഭിഭാഷകരേയും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ വിധി പ്രഖ്യാപിക്കുക. മോചനത്തിന് ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
.
അതേ സമയം നടപടികൾ പരമാവധി വേഗത്തിലാക്കുന്നതിനുള്ള നടപടികളും അബ്ദു റഹീം നിയമ സഹായ സമിതി ആരംഭിച്ചിട്ടുണ്ട്. മോചന ദ്രവ്യമായി സമാഹരിച്ച 34 കോടി രൂപ റിയാദിലെ ഇന്ത്യൻ എംബസിയിലേക്കെത്തിക്കാനുള്ള നടപടിയും ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴിയാണ് ഇക്കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. എന്നാൽ അപ്പീൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ അന്തിമ വിധ വന്ന ശേഷം മാത്രമേ മോചന ദ്രവ്യം സൌദി കുടുംബത്തിന് കൈമാറുകയുള്ളൂ.
.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അശ്‌റഫ് വേങ്ങാട്ട്, റഹീം നിയമസഹായസമിതി ലീഗല്‍ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പുരോഗമിക്കുന്നത്.
.