ഇസ്രായേലിന് നേരെ കൂട്ട റോക്കറ്റ് ആക്രമണം; വടക്കൻ ഇസ്രായേലിൽ അപായ സൈറണുകൾ മുഴങ്ങി, ഇറാൻ ശക്തമായ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് – വീഡിയോ

ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേലിന് നേരെ കൂട്ട റോക്കറ്റ് ആക്രമണം. വടക്കൻ ഇസ്രയേലിലെ ഗലിലീക്ക് നേരെ അമ്പതിൽ പരം റോക്കറ്റുകൾ പതിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ നിരവധി തവണം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

 

 

 

 

 

സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ചതിനു തിരിച്ചടിയായി ഇസ്രയേലിന്റെ മണ്ണില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനിലെ ഉന്നതനേതൃത്വവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആക്രമണപദ്ധതി പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പരിഗണനയിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആക്രമണം മുന്നില്‍ക്കണ്ട് ഇസ്രയേല്‍ അതീവജാഗ്രതയിലാണ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസി കെട്ടിടത്തിനു നേരെ ഇസ്രയേല്‍ ഏപ്രില്‍ ഒന്നിനു നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചത്.

ആക്രമണം നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യുഎസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായ ജന. മൈക്കല്‍ കുരില്ലയുമായി ചര്‍ച്ച നടത്തി.

അതേസമയം, ഇറാന്റെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പിനിടെ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി. മധ്യ ഗാസയിലെ നുസീറത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇന്നലെ നുസീറത് അഭയാർഥി ക്യാംപിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗാസയിൽ യുനിസെഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇസ്രയേൽ സേനയുടെ ആക്രമണത്തിനിരയായി. 3 വെടിയുണ്ടകൾ വാഹനത്തിൽ പതിച്ചതായി യുനിസെഫ് വക്താവ് അറിയിച്ചു.

തെക്കൻ ഗാസയിലെ റഫയിലും കനത്ത ആക്രമണമുണ്ടായി. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭക്ഷണവും മരുന്നും മറ്റും എത്താൻ ഇനിയും വൈകിയാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുണ്ടാകുമെന്നും യുഎൻ രക്ഷാസമിതി വീണ്ടും മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനാൽ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലെത്തുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

.

Share
error: Content is protected !!