ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിലെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നാവശ്യം, പല രാജ്യങ്ങളുടേയും തനിനിറം പുറത്ത് വിടുമെന്നും മുന്നറിയിപ്പ്

ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിലെ വിവരങ്ങൾ ഹാക്ക് ചെയ്തതായി സൈബർ ഗ്രൂപ്പ് എൻ.ഇ.ടി ഹണ്ടർ അവകാശപ്പെട്ടു. ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ കൈവശമുള്ള രേഖകൾ ലോകത്തിന് മുന്നിൽ വിൽപ്പനക്ക് വെക്കുമെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകി.

.

ടെലഗ്രാം ചാനലിലെ വീഡിയോയിലൂടെയാണ് സംഘം മുന്നറിയിപ്പ് നൽകിയത്. കൂടാതെ അവരുടെ കൈവശമുള്ള രേഖകളുടെ ചില ഭാഗങ്ങളും ഇതിൽ പങ്കുവെച്ചു. ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയെത്തുടർന്ന് ഗസ്സയിൽ 31,184 പേരാണ് കൊല്ലപ്പെട്ടതെന്നും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും സംഘം വ്യക്തമാക്കി.

.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഹാക്ക് ചെയ്യുകയും അവരുടെ രേഖകളുടെ ഒരു ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് കുറ്റകൃത്യങ്ങൾക്കുള്ള മറുപടിയാണ്. ഇസ്രായേലിന്റെ എല്ലാ സുഹൃത്തുക്കളെയും പങ്കാളികളെയും ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്നും ഹാക്കർമാർ അറിയിച്ചു.

.

ചുരുങ്ങിയത് 500 ഫലസ്തീനികളെയെങ്കിലും വിട്ടയക്കണം. അല്ലാത്തപക്ഷം ഈ വിവരങ്ങൾ വെളിപ്പെടുത്തും. ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിന്റെ രഹസ്യ രേഖകൾ മനുഷ്യാവകാശ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളുടെ തനിനിറം തുറന്നുകാട്ടുന്നതാണ്. ഇസ്രായേലുമായി സഹകരിക്കുന്ന രാജ്യങ്ങളുമായുള്ള കരാറിന്റെ രേഖകൾ, മറ്റു പ്രധാന വിവരങ്ങൾ, ഇസ്രായേൽ ഓഫീസർമാരുടെയും സൈന്യത്തിന്റെയും വിവരങ്ങൾ എന്നിവയെല്ലാം തങ്ങളുടെ കൈവശമുണ്ടെന്നും ഹാക്കർമാർ പറഞ്ഞു.

.

ഇസ്രായേലി സുരക്ഷാ മന്ത്രാലയവും ഇസ്രായേലി കരാറുകാരും തമ്മിലുള്ള കരാറുകൾ, ഇസ്രായേലി സുരക്ഷാ മന്ത്രാലയവും വിദേശ രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ, ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങൾ, മന്ത്രാലയത്തിൻ്റെ സൈനിക ബ്ലൂപ്രിൻ്റുകളും സാങ്കേതിക ഡ്രോയിങ്ങുകളും, മന്ത്രാലയത്തിൻ്റെ മനുഷ്യശക്തിയുടെ പട്ടിക, മന്ത്രാലയത്തിൻ്റെ ഡാറ്റാബേസുകൾ, വിമുക്തഭടന്മാരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാമാണ് ഹാക്കർമാർ സ്വന്തമാക്കിയത്.

.

ഗസ്സയിലെ വംശഹത്യ തടയാൻ ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നവരോട് ശക്തമായ പ്രതിഷേധം തുടരാനും ഹാക്കർമാർ അഭ്യർഥിച്ചു. മന്ത്രാലയത്തിൻ്റെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഇസ്രായേലി സുരക്ഷാ വൃത്തങ്ങൾ ഇസ്രായേലി പത്രമായ ഇസ്രായേൽ ഹയോമിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.

.

Share
error: Content is protected !!