‘ബസിൻ്റെ മുൻചക്രത്തിനടിയിൽ കുടുങ്ങി പിടഞ്ഞ് യുവാവ്, റോഡിലേക്ക് തെറിച്ച് വീണ് യുവതിയും രണ്ടു കുട്ടികളും’, യുവാവിന് ദാരുണാന്ത്യം
നിലമ്പൂർ: കെഎൻജി റോഡിൽ മമ്പാട് താളിപൊയിലിൽ നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. അപകടത്തിൽ എടവണ്ണ ഒതായി തയ്യിൽ മുഹമ്മദ് അഷ്റഫ് (35) മരിച്ചു. ഭാര്യ റിൻസിയ (27), മക്കൾ ജന്ന ഫാത്തിമ (6) നിസ്‌ല ഫാത്തിമ (ഒന്നര) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. (ചിത്രത്തിൽ അപകടത്തി മരിച്ച അഷ്റഫ്, അവർ യാത്ര ചെയ്തിരുന്ന ബൈക്ക്)
അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ തേനൂട്ടികല്ലിങ്ങൽ ശിഹാബും കലേഷും കണ്ടത് റോഡിൽ നിർത്തിയ ബസിന്റെ മുൻചക്രത്തിൽ കുടുങ്ങി പിടയുന്ന അഷ്റഫിനെയാണ്. വാഹനങ്ങൾ കൂട്ടിയിടിച്ച ശബ്ദത്തിനൊപ്പം അലറിക്കരയുന്ന ശബ്ദവും കേട്ടാണ് സമീപത്തെ കടയിൽനിന്ന് ഇവർ ഇറങ്ങി നോക്കിയത്.
ബസിന്റെ മുൻചക്രത്തിൽ കുരുങ്ങിയ യുവാവിനൊപ്പം, റോഡിൽ വീണുകിടക്കുന്ന നിലയിൽ ഒരു യുവതിയും രണ്ടു കുട്ടികളുമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കും സമീപത്തുണ്ടായിരുന്നു. ഈ സമയം ഡ്രൈവറും യാത്രക്കാരും ബസിൽ സ്തംഭിച്ചിരിക്കുകയായിരുന്നു. അഷ്റഫിനെ 20 മീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിലും, യുവാവിന്റെ അരഭാഗം ചക്രത്തിൽ കുടുങ്ങി, മുന്നോട്ടു വലിച്ചു കൊണ്ടുവന്ന നിലയിലായിരുന്നു.
.
ഓടിയെത്തിയ ശിഹാബ്, ബസ് പിന്നോട്ടെടുക്കാൻ നിർദേശിച്ച ശേഷം യുവാവിനെ പുറത്തെടുത്തു. ഈ സമയം അർധബോധാസ്ഥയിലായിരുന്നു അഷ്റഫ്. ബസ് ജീവനക്കാർ കൂടി ചേർന്ന് 4 പേരെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കവെ, ബൈക്കിനു പിന്നാലെ വന്ന കാറിലുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടത് ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞു. തങ്ങളുടെ കാറിലും മറ്റൊരു വാഹനത്തിലും അഷ്റഫിനെയും കുടുംബത്തിനെയും കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു.
പ്രഥമചികിത്സ നൽകുന്ന സമയത്തും അഷ്റഫ് ഭാര്യയുടെയും കുട്ടികളുടെയും വിവരം അന്വേഷിക്കുന്നുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെ അഷ്റഫിന്റെ നില കൂടുതൽ വഷളായി. വഴിമധ്യേ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു,
.
അഷ്റഫും കുടുംബവും താളിപ്പൊയിൽ വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് എതിർ ദിശയിൽ നിന്ന് കയറ്റം കയറി വരികയായിരുന്നു. ഇരു വാഹനങ്ങളും അവരവരുടെ വശങ്ങളിലാണ് സഞ്ചരിച്ചതെന്ന് പറയുന്നു. കൂട്ടിയിടിച്ച ശേഷം ബൈക്ക് ഇടത് വശത്തേക്കും അഷ്റഫ് ബസിന്റെ മുന്നിലേക്കും വീണു. കുട്ടികളിൽ ഒരാൾ ബസിനടിയിലേക്ക് തെറിച്ചതായി കലേഷ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ചക്രം കയറാതിരുന്നത്.
.