ഭക്ഷണമോ മരുന്നോ പോലും ലഭിക്കാത്ത അവസ്ഥ; ദുരിതത്തിലായ മലയാളി യുവതിക്ക് തുണയായി കേളി കുടുംബവേദി
റിയാദ്: ജോലിയിൽ തുടരാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി സന്ധ്യക്ക് തുണയായ് കേളി കുടുംബവേദിയുടെ ഇടപ്പെടൽ. ആറുമാസം മുമ്പാണ് നേഴ്സിങ് അസിസ്റ്റന്റ് ജോലിക്കായ് ഒരു മാൻപവർ കമ്പനിയുടെ വിസയിൽ സന്ധ്യ റിയാദിലെത്തിയത്. ആദ്യ മൂന്ന് മാസം തായ്‌ഫിലും തുടർന്നുള്ള മൂന്നുമാസം റിയാദിലും ജോലിക്കായി നിയോഗിച്ചു. എന്നാൽ സൗദി അറേബ്യയിലെ കാലാവസ്ഥയുടെ ഭാഗമായുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്കു ഹാജരാകാൻ പറ്റാത്ത അവസ്ഥയിലായി.
.
തുടർച്ചയായ അവധികൾ കാരണം ശമ്പളം ലഭിക്കാത്തതിനാൽ ശരിയായ ചികിത്സ തേടുന്നതിനോ, ഭക്ഷണമോ മരുന്നോ പോലും കിട്ടാത്ത അവസ്ഥയിലായി. തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചെങ്കിലും എഗ്രിമെന്റ് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിൽ പോകാൻ വിസക്ക് കമ്പനി ചിലവഴിച്ച തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സുഹൃത്തുക്കൾ മുഖേനയാണ് കേളി കുടുംബവേദിയുമായ് ബന്ധപ്പെടുന്നത്.
.
കുടുംബവേദി പ്രവർത്തകർ പ്രാഥമിക നടപടിയായി ഭക്ഷണവും അടിയന്തിര ചികിത്സാ സൗകര്യവും ഉറപ്പുവരുത്തിയത്തിനു ശേഷം, വിഷയം ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിലെത്തിക്കുകയും കമ്പനിയുമായി എംബസ്സി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് എടുത്ത് വന്നാൽ എക്സിറ്റ് നൽകാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള ടിക്കറ്റ് കുടുംബവേദി നൽകി. കേളി കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗീത ജയരാജ്, ജയരാജ്, സജീന, സിജിൻ കൂവള്ളൂർ എന്നിവർ ചേർന്ന് സന്ധ്യക്കുളള ടിക്കറ്റും കമ്പനിയിൽ നിന്നുള്ള യാത്രാ രേഖകളും കൈമാറി. ആപത്ഘട്ടത്തിൽ കൈത്താങ്ങായ കേളി കുടുംബ വേദിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് സന്ധ്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
.