‘ബീഫ് കഴിച്ചാലെന്താ കുഴപ്പം!’, ലാല്‍ മാന്‍സുമായി പ്രണയം; പഴയ ട്വീറ്റില്‍ വെട്ടിലായി കങ്കണ
ന്യൂഡല്‍ഹി: ബീഫ് കഴിക്കാറില്ലെന്ന പരാമര്‍ശത്തില്‍ വെട്ടിലായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ബീഫോ മറ്റേതെങ്കിലും മാംസ്യ വിഭവങ്ങളോ കഴിക്കാറില്ലെന്നും പത്ത് വര്‍ഷമായി യോഗ- ആയൂര്‍വേദ ജീവിത രീതികളെ പിന്തുടരുകയുമാണെന്നായിരുന്നു കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണ മാംസ്യാഹാരം കഴിക്കുന്നതിന്റേത് ഉള്‍പ്പെടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയാണ് നെറ്റിസെന്‍സ്.
2021 മാര്‍ച്ച് 17 ന് രാജസ്ഥാനി മട്ടണ്‍ വിഭവമായ ലാല്‍മാസിന്റെ ചിത്രമടക്കം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. തന്നെ രാജകുമാരിയെ പോലെ പരിപാലിക്കുന്ന കാമുകനാണ് രാജസ്ഥാന്‍. ബജ്‌റ റൊട്ടി, നെയ്, ലാല്‍ മാന്‍സ് എന്നിവയടങ്ങുന്ന രാജസ്ഥാനി ഭക്ഷണം കഴിക്കുന്നത് തനിക്ക് പ്രണയമാണ് എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. തേജസിന്റെ ഷൂട്ടിനിടെയായിരുന്നു ട്വീറ്റ് പങ്കുവെച്ചത്. രാജസ്ഥാനിലെ പ്രത്യേക മട്ടന്‍ കറിയാണ് ലാല്‍ മാന്‍സ്.
.
2019 ലും കങ്കണ ബീഫ് കഴിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ബീഫോ മറ്റ് മാംസ വിഭവങ്ങളോ കഴിക്കുന്നതില്‍ തെറ്റില്ല. അത് മതവുമായി ബന്ധപ്പെട്ട വിഷയമല്ല. 8 വര്‍ഷം മുമ്പ് കങ്കണ സസ്യാഹാരം കഴിക്കുകയും യോഗിയായി മാറുകയും ചെയ്തുവെന്നത് മറച്ചുവെക്കപ്പെട്ട വസ്തുതയല്ല. നേരെമറിച്ച്, അവളുടെ സഹോദരന്‍ മാംസം കഴിക്കും’ എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റുകളാണ് ഇപ്പോള്‍ നെറ്റിസണ്‍സ് വീണ്ടും ആയുധമാക്കിയിരിക്കുന്നത്.
ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നല്‍കുന്നത് പവിത്ര ഭൂമിയായ ഹിമാചല്‍ പ്രദേശിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. തുടര്‍ന്ന്,’ഞാന്‍ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ യോഗ-ആയുര്‍വേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്’ എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. ഹിമാചലിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്.
.