കുളിമുറിയിലിട്ട് ഭാര്യയെ 200 ലേറെ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു
ബ്രിട്ടനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 200-ലേറെ കഷണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലാണ് ലിങ്കണിലെ കോടതി തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുക.ലിങ്കണ്‍ സ്വദേശിയായ നിക്കോളസ് മെറ്റ്‌സണ്‍(28) ആണ് ഭാര്യ ഹോളി ബ്രാംലി(26)യെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയത്. കേസില്‍ കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ പ്രതി നിക്കോളസ് കൊലക്കുറ്റം സമ്മതിച്ചിരുന്നു.
.
2023 മാര്‍ച്ചിലായിരുന്നു ബ്രിട്ടനെ നടുക്കിയ അതിദാരുണമായ കൊലപാതകം. ലിങ്കണിലെ വീട്ടില്‍വെച്ച് ഭാര്യ ബ്രാംലിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി മൃതദേഹം 200-ലേറെ കഷണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഒരുസുഹൃത്തിന്റെ സഹായത്തോടെ ഇയാള്‍ പുഴയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ 224 മൃതദേഹാവശിഷ്ടങ്ങളാണ് തിരച്ചിലില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ പലഭാഗങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
2021-ലാണ് മെറ്റ്‌സണും ബ്രാംലിയും വിവാഹിതരായത്. ഒന്നരവര്‍ഷത്തോളം നീണ്ട ഇവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വേര്‍പിരിയാന്‍ നില്‍ക്കവെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
പോലീസ് വീട്ടില്‍…
യുവതിയെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാല്‍ 2023 മാര്‍ച്ച് 24-നാണ് ലിങ്കണ്‍ഷെയര്‍ പോലീസ് ദമ്പതിമാരുടെ വീട്ടിലെത്തിയത്. എന്നാല്‍, ബ്രാംലിയെ തിരക്കിയെത്തിയ പോലീസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഇയാള്‍ പോലീസുകാരോട് പരാതിപ്പെട്ടു. ഇതിന് തെളിവായി കൈയില്‍ കടിച്ചതിന്റെ പാടുകളും കാണിച്ചു. മാത്രമല്ല, മാര്‍ച്ച് 19-ന് ഭാര്യ വീട് വിട്ടിറങ്ങിയതായും ഇയാള്‍ പോലീസിന് മൊഴി നല്‍കി.
തിരച്ചില്‍ നടത്താനെത്തിയ പോലീസുകാരെ കബളിപ്പിക്കാനായിരുന്നു പ്രതി തുടക്കംമുതല്‍ ശ്രമിച്ചിരുന്നത്. ഒരുഘട്ടത്തില്‍ ഭാര്യ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്നുണ്ടാകുമെന്ന തമാശകള്‍ പോലും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
അതേസമയം, പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് പ്രാഥമിക പരിശോധനയില്‍ തന്നെ സംശയങ്ങളുണ്ടായി. വീട്ടില്‍നിന്ന് അമോണിയയുടെയും ബ്ലീച്ചിങ് പൗഡറിന്റെയും രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. ഇതിനുപുറമേ ബാത്ത്ടബ്ബില്‍ രക്തംപുരണ്ട വിരിപ്പുകളും അടുക്കളയില്‍ രക്തംപുരണ്ട ടവ്വലും പോലീസ് കണ്ടെത്തി. വീട്ടില്‍ അടുത്തിടെ വൃത്തിയാക്കലും മോടിപിടിപ്പിക്കലും നടന്നതായി പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല, പ്രധാന കിടപ്പുമുറിയിലെ തറയില്‍ ഇരുണ്ടനിറത്തിലുള്ള കറകളും ശ്രദ്ധിച്ചു. ഇത് രക്തക്കറകളാണെന്ന് പിന്നീട് തെളിഞ്ഞു.
.
പോലീസ് മെറ്റ്‌സണിന്റെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ബാസിന്‍ഗാമിലെ പുഴയില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ കിട്ടിയത്. പുഴയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ കണ്ട ഒരാളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ഈ കവറില്‍നിന്ന് മനുഷ്യന്റെ കൈ കണ്ടെത്തുകയായിരുന്നു. പിന്നാലെ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ബ്രാംലിയുടെ 224 മൃതദേഹഭാഗങ്ങളും കണ്ടെടുത്തു.
.
വെട്ടിനുറുക്കിയത് കുളിമുറിയില്‍…
വീട്ടിലെ കിടപ്പുമുറിയില്‍വെച്ചാണ് പ്രതി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. നിരവധി തവണയാണ് പ്രതി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് മൃതദേഹം പലകഷണങ്ങളാക്കി വെട്ടിമുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി. തുടര്‍ന്ന് ഇത് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചത്. ഇതിനായി 50 പൗണ്ടാണ് സുഹൃത്തിന് പ്രതിഫലം നല്‍കിയത്. ബ്രാംലി കൊലക്കേസില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായംനല്‍കിയ ഇയാളും പ്രതിയാണ്.
അതിക്രൂരന്‍, സൈക്കോ…
മെറ്റ്‌സണെ അതിക്രൂരനെന്നാണ് ബ്രാംലിയുടെ അമ്മയും ബന്ധുക്കളും കോടതിയില്‍ വിശേഷിപ്പിച്ചത്. വിവാഹശേഷം മകളെ കാണാന്‍ പ്രതി തന്നെ അനുവദിച്ചിരുന്നില്ലെന്നും പ്രതിയില്‍നിന്ന് വിവാഹബന്ധം വേര്‍പിരിയാനിരിക്കെയാണ് മകളെ കൊലപ്പെടുത്തിയതെന്നും അമ്മ കോടതിയില്‍ മൊഴി നല്‍കി.
അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയശേഷം പ്രതി ചില വിചിത്രമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ‘എന്റെ ഭാര്യ മരിച്ചാല്‍ എനിക്ക് എന്തെല്ലാം പ്രയോജനം കിട്ടും? ഭാര്യയുടെ മരണശേഷം എന്നെ ആരെങ്കിലും വേട്ടയാടുമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് പ്രതി ഉത്തരംതേടിയിരുന്നത്.
ഭാര്യയെ ക്രൂരമായി വെട്ടിനുറുക്കിയ മെറ്റ്‌സണ്‍ മുന്‍പങ്കാളികളെ ഉപദ്രവിച്ച കേസുകളിലും നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2013,2016,2017 വര്‍ഷങ്ങളിലാണ് മുന്‍ പങ്കാളികളെ ഉപദ്രവിച്ചതിന് മെറ്റ്‌സണിനെതിരേ കേസെടുത്തിരുന്നത്. ഇതിനുപുറമേ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
ഒരിക്കല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഹാംസ്റ്ററിനെ ബ്ലെന്‍ഡറിലും മൈക്രോവേവ് അവനിലുമിട്ട് പ്രതി കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഭാര്യ തന്റെ വളര്‍ത്തുമുയലുകളുമായി പോലീസില്‍ അഭയം തേടിയ സംഭവമുണ്ടായിരുന്നു. ഇതിനുപുറമേ, ഭാര്യ വളര്‍ത്തിയിരുന്ന പട്ടിക്കുഞ്ഞിനെ പ്രതി വാഷിങ് മെഷീനിലിട്ട് പ്രതി കൊലപ്പെടുത്തിയതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.