ട്രെയിനിൽനിന്ന് 4 കോടി രൂപ പിടിച്ചെടുത്തു, വോട്ടർമാർക്കു നൽകാൻ എത്തിച്ചതെന്ന് സംശയം; ബിജെപി പ്രവർത്തകനടക്കം മൂന്ന്പേർ അറസ്റ്റിൽ
ചെന്നൈ: ട്രെയിനിൽ കടത്താൻ ശ്രമിച്ച നാല് കോടി രൂപയുമായി ബിജെപി പ്രവർത്തകൻ അടക്കം മൂന്നുപേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ എസ്. സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവറായ പെരുമാൾ (26) എന്നിവരാണ് തിരുനൽവേലിയിലേക്കുള്ള യാത്രക്കിടെ പിടിയിലായത്.
.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് ചെന്നൈയിലെ താംബരം റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. നിരവധി ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനിൽ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
അഞ്ഞൂറ് രൂപയുടെ നോട്ടുകൾ ആറു ബാഗുകളിലാക്കി എസി കമ്പാർട്ടുമെന്റിലായിരുന്നു സൂക്ഷിച്ചത്. വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു പണം എന്നാണ് സൂചന. തിരുനൽവേലി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രാകാരമാണ് പണം കൊണ്ടുവന്നത് എന്ന് പിടിയിലായ സതീഷ് ഉൾപ്പെടെയുള്ള പ്രതികൾ സമ്മതിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാഗേന്ദ്രനുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ചോദ്യംചെയ്യും.
.