സൗദിയിൽ തറാവീഹ് നമസ്കാരത്തിനിടെ പള്ളിക്കുള്ളിൽ പാമ്പ്; ഭയവിഹ്വലരായി വിശ്വാസികൾ
സൗദിയിലെ പള്ളിയിൽ തറാവീഹ് നമസ്കാരത്തിനിടെ പാമ്പിനെ കണ്ടെത്തി. ഭയവിഹ്വലരായ ആരാധകർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്നലെ (ശനിയാഴ്ച) രാത്രിയാണ് സംഭവം. ജിസാൻ മേഖലയിൽ അൽ-അർദയിലെ അൽ-റവാൻ ഹൗസിംഗിലുള്ള കിംഗ് അബ്ദുല്ല മസ്ജിദിലാണ് പാമ്പിനെ കണ്ടെത്തിയത്. തറാവീഹ് നമസ്കാരത്തിനെത്തിയ വിശ്വാസികളാണ് പള്ളിയിൽ പാമ്പിനെ കണ്ടത്.
.
ഇമാം തറാവീഹ് നമസ്കാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പള്ളിക്കുള്ളിൽ ചില വിശ്വാസികൾ പാമ്പിനെ കണ്ടത്. ഭയവിഹ്വലരായ വിശ്വാസികൾ ചിലർ ഉടൻ തന്നെെ പള്ളിയിൽ നിന്ന് പുറത്ത് കടന്നു. എന്നാൽ മറ്റു ചിലർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് രക്ഷപ്പെട്ട് ഒരു എയർ കണ്ടീഷനുള്ളിൽ പോയി ഒളിച്ചു. അതിനുള്ളിൽ പതിയിരുന്ന പാമ്പിന് നേരെ വിഷ കീടനാശിനി തളിച്ച് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
.
ഒടുവിൽ ഒരു എയർ കണ്ടീഷൻ ടെക്നീഷ്യൻ്റെ സഹായം തേടി. എ.സി ടെക്നീഷ്യനെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം എ.സി പുറത്തെടുത്തു. തുടർന്ന് അതിനുള്ളിൽ പതിയിരുന്ന പാമ്പിനെ പുറത്തെടുത്ത് തല്ലി കൊല്ലുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
.