ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച പെരുന്നാളാകാൻ സാധ്യത; നാളെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം

സൗദിയിൽ നാളെ (തിങ്കളാഴ്ച) ശവ്വാൽ മാസപ്പിറ കാണാൻ സാധ്യതയില്ലെന്നും ചെറിയ പെരുന്നാൾ ബുധനാഴ്ചയാകാനാണ് സാധ്യതയെന്നും സൗദിയിലെ ജ്യോതിശാസ്ത്രജ്ഞൻ മുൽഹാം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം തിങ്കളാഴ്ച മാസപ്പിറ കാണാൻ സാധിക്കില്ല.

തിങ്കളാഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും സൂര്യൻ അസ്തമിക്കുന്നതിനും ഏകദേശം 13 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കും. അതിനാൽ ശവ്വാൽ മാസപ്പിറ തിങ്കാളാഴ്ച വൈകുന്നേരം ദൃശ്യമാകില്ല. അതിനാൽ മതവിധി പ്രകാരം തിങ്കളാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായില്ലെങ്കിൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കി, ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും.

എല്ലാ അറബ് രാജ്യങ്ങളിലും സമാനമായ പ്രതിഭാസം തന്നെയാകാനാണ് സാധ്യതയെന്നും അതിനാൽ ഗൾഫ്  രാജ്യങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാളാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം റമദാൻ 29ന് (ഏപ്രിൽ 8ന്) തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ മുസ്ലിംങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചു.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറ കാണുന്നവർ അക്കാര്യം അടുത്തുള്ള കോടതിയെ അറിയിക്കണമെന്നും സാക്ഷ്യം രജിസ്റ്റർ  ചെയ്യണമെന്നും കോടതി പറഞ്ഞു.

മാസപ്പിറവി കാണാൻ കഴിവുള്ളവർക്ക് വിവിധ മേഖലകളിൽ ഇതിനായി രൂപീകരിച്ചിട്ടുള്ള സമിതികളിൽ ചേർന്ന് പ്രവർത്തിക്കാമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ  ആരംഭിച്ചു.

 

.

 

Share
error: Content is protected !!