മൂവരും താമസിച്ചത് ഒരുമുറിയില്‍, ആര്യയെ മകളെന്നു പരിചയപ്പെടുത്തി, എന്തിന് ജിറോയിലെത്തി ഇതുചെയ്തു?; ദുരൂഹത തുടരുന്നു
ഇറ്റാനഗര്‍/തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളികളായ മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ഇന്ന് ഉച്ചയോടെ ജിറോയില്നിന്ന് അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും. ഇറ്റാനഗറിലെ ടി.ആര്.ഐ.എച്ച്.എം.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്മോര്‍ട്ടം. ഇതിനുശേഷം കേരളത്തില്‍നിന്നെത്തുന്ന ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുമെന്നും അരുണാചല്‍ പോലീസ് അറിയിച്ചു. (ചിത്രത്തിൽ നവീനും ഭാര്യ ദേവിയും (ഇടത്ത്) ഇറ്റാനഗറിലെ ടി.ആർ.ഐ.എച്ച്.എം.എസ്. ആശുപത്രി(വലത്ത്)
.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ‘കാവി’ല്‍ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന് മാധവന്റെ മകള്‍ ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷന് ‘ശ്രീരാഗ’ത്തില്‍ ആര്യാ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ജിറോയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ശരീരത്തില്‍നിന്നു രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
.
അതേസമയം, മലയാളികളായ മൂവരും എന്തുകൊണ്ടാണ് ജിറോയിലെത്തി ഇത്തരമൊരു കൃത്യം നടത്തിയതെന്ന് അരുണാചല്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. മരണാനന്തരജീവിതത്തെക്കുറിച്ച് ദമ്പതിമാര്‍ ഫോണില്‍ തിരഞ്ഞതായി പ്രാഥമിക പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ദുര്‍മന്ത്രവാദം അടക്കമുള്ള കാര്യങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. എന്നാല്‍, ഇത്തരം ദുര്‍മന്ത്രവാദങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങളോ കൂട്ടായ്മകളോ ജിറോയില്‍ ഇല്ലെന്നാണ് അരുണാചല്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥന് പ്രതികരിച്ചത്. അതിനാല്‍ മൂവരും ജിറോയിലെത്തി മുറിയെടുത്തത് എന്തിനാണെന്നതില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
മാര്‍ച്ച് 28-ന് ജിറോയിലെത്തിയ മൂവരും അഞ്ചുദിവസത്തോളമാണ് ഹോട്ടലില്‍ താമസിച്ചത്. നവീന്‍ തോമസിന്റെ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ദമ്പതിമാരും ആര്യയും ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയിലായിരുന്നു താമസം. കഴിഞ്ഞദിവസം ഇവരെ പുറത്തുകാണാതായതോടെ നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
മൂവരും ജിറോയില്‍ എത്തിയതുതൊട്ട് എന്തെല്ലാം ചെയ്തു, എവിടെയെല്ലാം പോയി എന്നതും ലോക്കല്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ജിറോയില്‍ അഞ്ചുദിവസമായി തങ്ങിയിട്ടും ഇവര്‍ അരുണാചലിലെ മലയാളികളുമായി ബന്ധമൊന്നും പുലര്‍ത്തിയിരുന്നില്ല. അതേസമയം, ഇവിടെ മറ്റാരെങ്കിലുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
.
ദുര്‍മന്ത്രവാദത്തിന്റെ സൂചനകള്‍ നല്കുന്ന പലതും ഇവരുടെ ഫോണില്‍നിന്ന് കണ്ടെടുത്തതായാണ് വിവരം. തങ്ങള്‍ക്ക് ഒരുപ്രശ്നവുമില്ല എവിടേക്കാണോ പോകാന്‍ വിചാരിച്ചത് അവിടേക്ക് പോകുന്നു എന്നെഴുതിയ കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ബന്ധപ്പെട്ടവരെ വിവരമറിയിക്കാനുള്ള ഫോണ്‍നമ്പറുകളും മൂവരും എഴുതി ഒപ്പിട്ടെന്ന് കരുതുന്ന കുറിപ്പിലുണ്ടായിരുന്നു.
ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ദേവിയുടേത് തറയിലുമാണ് കണ്ടെത്തിയത്. നവീന്റെ മൃതദേഹം കുളിമുറിയിലും. മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇവര്‍ ശരീരമാകെ മുറിവേല്‍പ്പിച്ചതെന്നാണ് നിഗമനം. മുറിയില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും അരുണാചല്‍ പോലീസ് പറഞ്ഞിരുന്നു.
നവീനും – ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്ന് കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തി. ഇക്കാര്യങ്ങൾ ദേവിയുടെ വീട്ടുകാർ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ വീട് വിട്ടിറങ്ങി. ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്.
.
ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലിൽ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയിൽ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം മൂവർ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തിൽ വ്യക്തതയില്ല.
.
മരണാനന്തരജീവിതം തിരഞ്ഞു, അന്ധവിശ്വാസവും
മാര്‍ച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാല്‍ ബന്ധുക്കളും സംശയിച്ചില്ല. കൊല്‍ക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവര്‍ പോയ കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.
.
തിരുവനന്തപുരം സ്വകാര്യ ആയുര്‍വേദ കോളേജില്‍ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുര്‍വേദ റിസോര്‍ട്ടിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലും കേക്ക് നിര്‍മാണത്തിലും സജീവമായിരുന്നു.
.
ഇങ്ങനെയാണ് ഇവര്‍ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ് കാലത്തിന് മുന്‍പ് സ്കൂളില്‍നിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുന്പ് സ്കൂളില്‍ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛന് കെ.അനില്‍കുമാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരുണാചല്‍ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയുന്നത്.
മരണാനന്തരജീവിതത്തിലേക്ക് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു.
.
മൂന്നുമാസം മുന്‍പായിരുന്നു ആര്യയുടെ വിവാഹനിശ്ചയം. മെയ് ആറിന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനുമുന്നോടിയായി വീട്ടുകാര്‍ കല്യാണക്കുറി തയ്യാറാക്കി കല്യാണംവിളിയും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആര്യയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ആര്യ ഫ്രഞ്ച് ഭാഷാപഠനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ആര്യ ഫ്രഞ്ചും ദേവി ജര്‍മന്‍ ഭാഷയുമാണ് പഠിപ്പിച്ചിരുന്നത്. ഇവിടെനിന്നാണ് ഇവര്‍ സൗഹൃദത്തിലായതെന്നാണ് വിവരം. അതേസമയം, വിവാഹത്തോടെ സൗഹൃദം പിരിയേണ്ടിവരുമോ എന്ന ആശങ്കയും കൂട്ടമരണത്തിന് കാരണമായോ എന്നതും പോലീസ് സംശയിക്കുന്നുണ്ട്.
.