ഡോ. ഷഹ്നയുടെ ആത്മഹത്യ: റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി, പഠനം തുടരാനാകില്ല
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ.ഇ.എ.റുവൈസിന് തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്.
കേസിൽ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാൻ അനുവദിക്കണമെന്നും അതിന് സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പഠനം വിലക്കിയ ആരോഗ്യസർവകലാശാല ഉത്തരവ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ പ്രിന്‍സിപ്പൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സിംഗിൾ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തിൽ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹർജിയിൽ പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. ജാമ്യം നൽകുന്നതും അച്ചടക്ക നടപടിയായി ഏർപ്പെടുത്തുന്ന സസ്പെൻഷനിൽ ഇടപെടുന്നതും രണ്ടാണ്. അന്വേഷണം അവസാനിക്കുന്നതിനു മുൻപ് ഒരു വിദ്യാർഥിയെ പുനഃപ്രവേശിപ്പിക്കുന്നത് സാക്ഷികളെയും മറ്റും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥകൾ പോലും ലംഘിക്കാൻ ഇടയാക്കുമെന്ന് പ്രിൻസിപ്പൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളജിലെ ഒരു വിദ്യാർഥി മരിച്ച ക്രിമിനൽ കേസിലെ പ്രതിയാണ് റുവൈസ്. അതേ ക്യംപസിൽ തന്നെ പഠനം തുടരാൻ അനുവദിക്കണമെന്നാണ് റുവൈസ് ആവശ്യപ്പെട്ടത്. ഒട്ടേറെ വിദ്യാർഥികൾ റുവൈസിനെതിരെ മൊഴി നല്‍കിയിരുന്നു. കേസന്വേഷണം പൂർത്തിയായിട്ടില്ല. തങ്ങളുടെ സുഹൃത്ത് മരിച്ച നടുക്കത്തിൽ നിന്ന് സഹപാഠികൾ പോലും മുക്തരായിട്ടില്ല. കോളജിനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള വിദ്യാർഥികളുടെ അക്കാദമിക് താൽപര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ ഹർജിയിൽ പറഞ്ഞിരുന്നു.
മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും സഹപാഠിയുമായിരുന്നു കരുനാഗപ്പള്ളി സ്വദേശി ഇ.എ.റുവൈസ്. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് റുവൈസിെന കോളജിൽനിന്ന് സസ്പെൻഡ് െചയ്തു. പിന്നാലെ, സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും കോളജ് തീരുമാനിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു.