ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍; തട്ടിപ്പിനിരയായത് കൂടുതലും യുവതികള്‍
ചെങ്ങന്നൂര്‍: ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പു നടത്തിയതിനു ചെങ്ങന്നൂരില്‍ മൂന്നുപേരെയും മാവേലിക്കരയില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു. രണ്ടിടത്തും യുവതികളാണു തട്ടിപ്പിനിരയായത്. കരീലക്കുളങ്ങര സ്വദേശി അനന്തു(23), വെങ്ങോല അറയ്ക്കപടി മേപ്പുറത്ത് വീട്ടില്‍ ഇവാന്‍(25), സഹോദരന്‍ ആബിദ് (25) എന്നിവരാണു ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലയിലെ തിരൂര്‍, മച്ചിങ്ങത്തായം, കൊടിഞ്ഞി വാണിഭക്കാരന്‍ വീട്ടില്‍ സഫ്വാന്‍ (23), വെളിഞ്ഞം വീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് (23) എന്നിവരാണു മാവേലിക്കരയില്‍ അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇവരുടെ അറസ്റ്റ്.
ആപ്പിലൂടെ രണ്ടുലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ച പുലിയൂര്‍ സ്വദേശിനിയുടെ 1.1 ലക്ഷം രൂപ നഷ്ടമായി. ഈ കേസിലാണു മൂവരെയും അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. ചാറ്റിങ്ങിലൂടെയും ഓഡിയോ കോളിലൂടെയും പരാതിക്കാരിയില്‍നിന്ന് ആധാര്‍, പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ വാങ്ങി. പിന്നീട് വായ്പ പാസായെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പ്രൊസസിങ് ഫീസായി 11,552 രൂപ അടപ്പിച്ചു.
ഇതിനുശേഷം മാനേജര്‍ എന്ന പേരില്‍ വിളിച്ച് 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഡോക്യുമെന്റെല്ലാം ശരിയല്ലെന്നുപറഞ്ഞ് വീണ്ടും 50,000 കൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. ഫോണുകളെല്ലാം കിട്ടാതായി. തുടര്‍ന്നാണു പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഏകദേശം ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമാണു പോലീസ് നിഗമനം. ഇവര്‍ക്കൊപ്പം വേറെയും പ്രതികളുണ്ടെന്നാണു പോലീസ് പറയുന്നത്.
കുറഞ്ഞ പലിശയ്ക്കു വായ്പ തരപ്പെടുത്തിനല്‍കാമെന്നു പറഞ്ഞ് യുവതിയില്‍നിന്നു പണം തട്ടിയെടുത്തതിനാണു മാവേലിക്കരയില്‍ മലപ്പുറം സ്വദേശികള്‍ അറസ്റ്റിലായത്. ഫെയ്സ് ബുക്കില്‍ക്കണ്ട ലിങ്കില്‍ കയറിയ യുവതിയോടു പ്രതികള്‍ മൂന്നുലക്ഷം രൂപ കുറഞ്ഞപലിശയ്ക്ക് അനുവദിക്കാമെന്നും അതിലേക്ക് ഈടായി പണം നല്‍കണമെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. പരസ്യംകണ്ട് വിശ്വസിച്ച യുവതി തന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍നിന്ന് ആദ്യം 9,195 രൂപ നല്‍കി. പിന്നീട്, രണ്ടുതവണയായി 60,195 രൂപ കൂടി അടപ്പിച്ചു. ഇതിനുശേഷം തട്ടിപ്പു മനസ്സിലാക്കി യുവതി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
പണം തട്ടിയെടുത്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ കണ്ടെത്താനായത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക