കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച മലയാളി കടയുടമ മർദനമേറ്റ് മരിച്ചു

ബഹറൈനിൽ മലയാളി പ്രവാസി മർദനമേറ്റ് മരിച്ചു. റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറിയകുളം സ്വദേശി  കോയമ്പ്രത്ത് ബഷീർ (60) ആണ് ദാരുണമായി മർദ്ദനമേറ്റ് മരിച്ചത്. ബഷീറിൻ്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞതോടെയാണ് ബഷീറിന് മർദനമേറ്റത്. തുടർന്ന് ബഷീറിനെ ബിഡിഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു. (ചിത്രം: മരിച്ച ബഷീർ)

ഇരുപത്തിയഞ്ച് വർഷമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം.  കഴിഞ്ഞ ദിവസം കടയിൽ  സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായി നിലത്ത് വീണ് ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലു ദിവസമായി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്നു രാവിലെയാണ് മരിച്ചത്. ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്നു നടത്തിയ ഇടപ്പെടലുകളെ തുടർന്ന്  ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎംസിസി ലീഗൽ സെല്ലും, മയ്യത്ത് പരിപാലന വിങ്ങും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി അംഗമായ ബഷീറിന്റെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റിയും, കോഴിക്കോട് ജില്ലാ കമ്മിറ്റിയും, റിഫ ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!