അൽശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ഇസ്രായേൽ ബോംബിട്ട് തകർത്തു; ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ഭീഷണി, ഹമാസ് പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു – വീഡിയോ

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലേക്ക് ഇരച്ചു കയറി ഇസ്രായേൽ സൈന്യം. ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് ഇസ്രായേൽ ആക്രമണം. ഹമാസ് പോരാളികളോട് കീഴടങ്ങാനും ഇസ്രായേല്‍ ആവശ്യപ്പെട്ടു.

ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ട് എന്നാണ് ഇസ്രായേലിന്റെ വാദം. ആശുപത്രിയെ ഹമാസ് ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ഹമാസ് അധികൃതർ നിഷേധിക്കുകയാണ്. ഇതിന് തെളിവു നൽകാനും ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ചു.

ആശുപത്രി സമുച്ചയത്തിന് അകത്തു നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അൽ ഷിഫയിലെ എമർജൻസി വിഭാഗത്തിലാണ് ആദ്യം സേന കടന്നു കയറിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൊട്ടുപിന്നാലെ ടാങ്കുകളുമെത്തി. ഇസ്രായേൽ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ഭരണകൂടം ആരോപിച്ചു.

 

 

 

 

അൽ ഷിഫ ആശുപത്രിയിൽ ഡോക്ടർമാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അൽ ഖുദ്‌രി പറഞ്ഞു. ഭയക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ 650 പേർ ചികിത്സയിലുണ്ടെന്ന് അൽ ജസീറ റിപ്പോർട്ടു ചെയ്യുന്നു. 5000-7000 അഭയാർത്ഥികളും ആശുപത്രി സമുച്ചയത്തിന് അകത്തുണ്ട്.

ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേലിന്‍റെ നരനായാട്ട് തുടരുകയാണ്. ആശുപത്രിയിൽ നിന്നും ഡോക്ടർമാരോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ആശുപത്രിയിൽ അഭയം തേടിയിരുന്ന നിരവധി പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. അൽശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ബോംബിട്ട് തകർക്കുകയും ചെയ്തു.

മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന കാര്യം കഴിഞ്ഞ 5 ദിവസമായി ഞങ്ങൾ ഈജിപ്ത് അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ ഈജിപ്തിൻ്റെ ഭാഗത്ത് നിന്ന് ഇത് വരെ പ്രതികരണം ലഭിച്ചില്ലെന്ന് ഗസ്സ ജനറൽ ആശുപത്രി ഡയരക്ടർ പറഞ്ഞു.

അൽശിഫ ആശുപത്രിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർക്കുന്നുണ്ട്. ഇസ്രായേൽ തന്നെ സുരക്ഷിത വഴി എന്ന് പറഞ്ഞ വാതിലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചവരെയാണ് സേന വെടിവെച്ചത്.

ഇസ്രായേൽ സൈന്യം ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ കടന്നത് മുതൽക്കെ രോഗികൾ പരിഭ്രാന്തരാണ്. ഹമാസ് കേന്ദ്രം കണ്ടെത്താനാണ് നടപടിയെന്നാണ ഇസ്രായേൽ വിശദീകരണം. ആശുപത്രി ആക്രമണത്തിന്‍റെ ഉത്തരവാദി ബൈഡൻ ആണെന്നും ഇസ്രായേലിന്റെ കള്ളങ്ങൾ ബൈഡൻ സ്വീകരിച്ചെന്നും ഹമാസ് പറഞ്ഞു. ഇസ്രായേൽ ഭീകരരാഷ്ട്രമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

അതേ സമയം കരയുദ്ധത്തിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ ആകെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 48 ആയി.

 

 

നബ്രസിൽ ജോർദാൻ്റെ ഫീൽഡ് ആശുപത്രി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!