‘ഈ ആഴ്ച അനുജത്തിയുടെ വിവാഹമാണ് , പോകാൻ അനുവദിക്കണം’; എമിഗ്രേഷൻ ഓഫിസിൽ കരഞ്ഞു അപേക്ഷിച്ച് മലയാളി യുവാവ്

പലരുടെയും വാക്ക് വിശ്വസിച്ച് വിമാനം കയറിയവർ, തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും  കുടുംബത്തെ കരകയറ്റാൻ നിയമാനുസ്യൂതമല്ലാതെ തങ്ങിയവർ, ഏതു വിധേനയും ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അനധികൃതമായി തങ്ങിയവർ..ഇങ്ങനെ നിരവധി പ്രശ്‌നങ്ങളുമായി പ്രതീക്ഷയോടെ രാവിലെ മുതൽ യുവാക്കൾ അടക്കമുള്ള  നിരവധി പേരാണ്  ബഹ്‌റൈനിലെ എമിഗ്രേഷൻ ഓഫിസിനു മുന്നിൽ പൊരി വെയിലിൽ കാത്തു നിൽക്കുന്നത്.

രാജ്യത്ത് ഓവർ സ്റ്റേ യിൽ തങ്ങിയവർക്ക് മടക്ക ടിക്കറ്റുമായി എമിഗ്രേഷൻ ഓഫിസിലെത്തിയാൽ  പിഴ ഒടുക്കാതെ  മടങ്ങാം എന്നുള്ള അറിയിപ്പ്  സമൂഹമാധ്യമത്തിലൂടെ വഴി പ്രചരിച്ചതോടെയാണ് ഹൂറയിലെ ഈ ഓഫിസിലേക്ക് ആളുകൾ ഇരച്ചെത്തിയത്. വാർത്ത  കേട്ട പാതി  തന്നെ പലരും യാത്രാ ടിക്കറ്റുകൾ തരപ്പെടുത്തിയാണ് ഇവിടേയ്ക്ക് എത്തിയത്.

രണ്ടു ദിവസം മുൻപാണ്  യാത്രാരേഖകളും മറ്റും കൃത്യമായി ഉള്ളവർക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകാനുള്ള അവസരം അധികൃതർ നൽകിയത്. പാസ്പോർട്ട് ഒറിജിനൽ, ഫോട്ടോ കോപ്പി,രണ്ട് ആഴ്ച ദൈർഘ്യമുള്ള വിമാനടിക്കറ്റ്, എംബസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കാണ് മന്ത്രാലയം ഇത്തരം ഒരു ഇളവ് നൽകിയത്.

എംബസി സൂക്ഷ്മ  പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇത്തരം ആളുകൾക്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. അനധികൃതമായി  തങ്ങേണ്ടി വന്നത് കൃത്യമായ കാരണം കൊണ്ടാണെന്ന് ഇന്ത്യൻ എംബസി  സാക്ഷ്യപ്പെടുത്തുകയും അത് ബഹ്‌റൈൻ അധികൃതരുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടി വിധേയമാക്കുകയും കൂടി ചെയ്ത് മാത്രമാണ് ആളുകൾക്ക് പിഴ ഇല്ലാതെ  മടങ്ങാനുള്ള അനുമതി നൽകി വരുന്നത്.   എന്നാൽ ഏതു വിധേനയും നാട് പിടിക്കാനുള്ള തത്രപ്പാടിൽ  അനധികൃതമായി തങ്ങിയ ആളുകൾ ഒന്നടങ്കം   എമിഗ്രേഷൻ ഓഫിസിലേക്ക് കുതിച്ചെത്തുന്നത് എമിഗ്രേഷൻ  സുരക്ഷാ ജീവനക്കാർക്ക് വലിയ തലവേദന ആയിട്ടുണ്ട്.

ടിക്കറ്റെടുത്തു; പലർക്കും എംബസി ലെറ്റർ ഇല്ല 

ഓവർ സ്റ്റേ ആയവർക്ക് പിഴ ഇല്ലാതെ പോകാനുള്ള അവസരം ഉണ്ടെന്ന് വാട്ട്സ് ആപ്പിൽ വിവരം ലഭിച്ച പലരും കയ്യിലെ വാച്ചും  മൊബൈൽ ഫോൺ അടക്കം വിറ്റാണ് ടിക്കറ്റ് എടുത്ത്  എമിഗ്രേഷൻ ഓഫിസിലേക്ക് എത്തുന്നത്. അവിടെ എത്തുമ്പോഴാണ് എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കൂടി വേണമെന്നുള്ള കാര്യം പോലും പലരും അറിയുന്നത്. അതോടെ പണയം വച്ചും കടം മേടിച്ചും  ടിക്കറ്റ് എടുത്തവർ പലരും നിരാശരാവുകയാണെങ്കിലും  പൊരിവെയിലത്ത് പ്രതീക്ഷയോടെ കാത്തുനിൽക്കുന്നു.

സഹോദരിയുടെ വിവാഹമാണ് ; പോകാൻ അനുവദിക്കണം ; അപേക്ഷയുമായി മലയാളി 

ഓവർ സ്‌റ്റേയിൽ പിഴ ഇല്ലാതെ പോകാൻ അവസരമുണ്ടെന്നറിഞ്ഞ് എമിഗ്രേഷൻ ഓഫിസിലെത്തിയ  കണ്ണൂർ സ്വദേശി  സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ കരഞ്ഞു പറയുകയാണ്, അനുജത്തിയുടെ വിവാഹമാണ് ഈ ആഴ്ച, പോകാൻ അനുവദിക്കണം എന്ന് .എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അടക്കം ഉണ്ടെങ്കിൽ മാത്രമേ അകത്തേക്ക് കടത്തിവിടാൻ  തങ്ങൾക്ക് കഴിയുകയുള്ളൂ എന്ന് അറിഞ്ഞതോടെ നിരാശനായി മടങ്ങുന്ന യുവാവിനേയും  ഇന്നലെ  എമിഗ്രേഷൻ   ഓഫിസിന് മുന്നിൽ കാണാൻ കഴിഞ്ഞു.

ജോലി തരപ്പെടുത്തിത്തരാം എന്ന അയൽവാസിയുടെ വാക്ക് വിശ്വസിച്ച് ബഹ്‌റൈനിൽ വന്നതായിരുന്നു  ആ യുവാവ്. ആദ്യം  സന്ദർശക വീസയാണ് നൽകുന്നതെന്നും ബഹ്‌റൈനിൽ എത്തിയാൽ ഉടൻ റെസിഡൻസ് വീസയിലേക്ക് മാറാമെന്നും പറഞ്ഞ സുഹൃത്തിനെ ബഹ്‌റൈനിൽ എത്തി പിന്നീട് കണ്ടിട്ടേയില്ല. കയ്യയിൽ കരുതിയ പണം മുഴുവനും തീരുകയും മടങ്ങിപ്പോകാൻ നിർവാഹമില്ലാതാവുകയും ചെയ്തതോടെ അനധികൃതയി ഇവിടെ തന്നെ താങ്ങുകയായിരുന്നു ഈ യുവാവ്. എമിഗ്രേഷൻ ഓഫിസിൽ എത്തിയവരിൽ ഭൂരിഭാഗം പേരും അനധികൃതമായി മാസങ്ങളായി തുടരുന്നവരാണ്. ഇതിൽ മലയാളികൾ ഉണ്ടെങ്കിലും  നിലവിൽ പിഴ കൂടാതെ മടങ്ങിയാൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുമോ എന്നുള്ള ആശങ്കയും പലരും പങ്കുവെയ്ക്കുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!