തേജ് ചുഴലിക്കാറ്റ്; ഒമാനിലും സൗദിയുടെ ചില ഭാഗങ്ങളിലും കനത്ത മഴ, ഒമാനിൽ 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു – വീഡിയോ

തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ  വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു. ഒമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത് സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് തേജ് ചുഴലിക്കാറ്റിന്റെ  തീവ്രത കാറ്റഗറി  രണ്ടിലേക്ക്  ചുരുങ്ങിയതായി ഒമാൻ ടെലിവിഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റ്  കാറ്റഗറി ഒന്നിലേക്ക്  കുറയാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

 

 

 

ദോഫാർ ഗവര്‍ണറേറ്റില്‍ 69 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. 15,000  പേരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന  69  ദുരിതാശ്വാസ കേന്ദ്രങ്ങൾ ദോഫാർ ഗവർണറേറ്റിൽ  തയ്യാറായി കഴിഞ്ഞു. ഇതുവരെ 30 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞു , അതിൽ  840 ഒമാൻ  പൗരന്മാരും 3,631സ്ഥിര   താമസക്കാരും ഉൾപ്പെടെ 4,471 പാർപ്പിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

 

 

 

അതേസമയം ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് ഇന്നലെ അറിയിച്ചിരുന്നു. മസ്‌കത്ത്​-ഹൈമ-സലാല , മസ്‌കത്ത്​-മർമുൽ- സലാല) എന്നീ സർവീസുകളാണ്​ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്​. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും  നിർത്തിവെച്ചിട്ടുണ്ട്​.

 

 

 

 

തേജ് ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിടുന്നതിന്‍റെ തയ്യാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട്  എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചിരുന്നു. തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാൻ ഒമാൻ ദുരന്ത നിവാരണ സമതി തയ്യാറായി കഴിഞ്ഞു.

 

 

സൌദിയിൽ ജിസാൻ മേഖലയിലെ ഭൂരിഭാഗം ഗവർണറേറ്റുകളും കേന്ദ്രങ്ങളും ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു, ഇത് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മഴയ്ക്കും ഇടിമിന്നലുകളുടെ അകമ്പടിയോടെയുള്ള ശക്തമായ കാറ്റിനും കാരണമായി.

ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജിസാനിൽ ചില പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾക്ക് അവധി നൽകി.

ഫൈഫ, അൽ-അർദ, അൽ-റൈത്ത്, ദാമദ്, അൽ-ദാർ, അൽ-ഹാരിത്, അൽ-ഈദാബി, ഹാറൂബ്, ബയ്ഷ്, അൽ-ദർബ്, സബ്യ, അബു ആരിഷ്, സംതഹ്, ഉഹുദ് അൽ-മസർഹ, ഫർസാൻ ദ്വീപുകൾ എന്നീ ഗവർണറേറ്റുകളാണ് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളത്.

ജിസാൻ മേഖലയിൽ വീശിയടിച്ച കൊടുങ്കാറ്റ് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിരവധി സ്ഥലങ്ങളിൽ ഏതാനും അപകടങ്ങൾക്കും വൈദ്യുതി തടസ്സത്തിനും കാരണമായി.

Share
error: Content is protected !!