ഐ.എന്‍.എല്‍ വിഭാഗീയത: വഹാബ് പക്ഷത്തിന് പിന്തുണ നല്കിയത് സൌദിയിലെ പിരിച്ചുവിടപ്പെട്ട നാഷണല്‍ കമ്മിറ്റിയെന്ന് മറുവിഭാഗം

ജിദ്ദ: ഐ.എന്‍,എല്‍ വിഭാഗീയതയില്‍ എ.പി വഹാബ് പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടു ഐ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റിയുടേതായി വന്ന പ്രസ്താവന മറുവിഭാഗം തള്ളി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം നേരത്തെ പിരിച്ചുവിടപ്പെട്ട കമ്മിറ്റിയാണ് പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം പറഞ്ഞു. പാര്‍ട്ടിയുടെ പ്രവാസി ഘടകമായ ഐ.എം.സി.സിയുടെ സൌദി നാഷണല്‍ കമ്മിറ്റി പിരിച്ച് വിട്ട ശേഷം ഔദ്യോഗികമായി പുതിയ കമ്മിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ ചേളാരി പറഞ്ഞു.

 

ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും കൌണ്‍സിലും പിരിച്ചുവിട്ട് മെമ്പര്‍ഷിപ്പ് നടപടികള്‍ പുനരാരംഭിക്കാനുള്ള അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും പുതിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ വിഭാഗീയത അവസാനിപ്പിക്കാനും പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും ശക്തിപ്പെടുത്താനും ഈ നടപടി പ്രയോജനപ്പെടുമെന്നും നാഷണല്‍ കമ്മിറ്റിയെ പ്രസിഡന്‍റ് സൈത് കള്ളിയത്ത്, ജനറല്‍ സെക്രട്ടറി ബഷീര്‍ ചേളാരി, ട്രഷറര്‍ തയ്യില്‍ ഇസ്ഹാഖ് എന്നിവര്‍ പറഞ്ഞു.

Share