ഗസ്സയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ, അമേരിക്ക് മുന്നറിയിപ്പുമായി ഹൂത്തികളും രംഗത്ത് ഗസ്സ ഇരുട്ടിൽ; രൂക്ഷമായ പോരാട്ടം തുടരുന്നു – വീഡിയോ

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 788 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്.

ഹമാസ്-ഇസ്രയേൽ പോരാട്ടത്തിൽ അമേരിക്ക പങ്കാളികളായാൽ മിസൈൽ ആക്രമണം ആരംഭിക്കുമെന്നും ഹമാസിന് വേണ്ടി പോരാട്ടത്തിൽ പങ്കാളികളാകുമെന്നും യെമനിലെ ഹൂത്തി മൂവ്മെൻ്റ് നേതാവ് അബ്ദുൽ മാലിക്ക് ഹൂത്തി മുന്നറിയിപ്പ് നൽകി.

 

ഗസ്സ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം തീര്‍ത്തതായും ഗസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അവാകാശപ്പെട്ടു.

ഗസയിലേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളെത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. ഗസയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഗസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്. ഗസയിലെ പ്രധാനമേഖലകളെല്ലാം ഇസ്രയേല്‍ സേന പിടിച്ചെടുത്തു.

ലെബനന്റെ തെക്കൻ അതിർത്തിയിൽ, ഇസ്രായേൽ ഭരണകൂടം അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ഫോസ്ഫറസ് ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഇതിൻ്റെ വീഡിയോകൾ പുറത്ത് വന്നു.

മധ്യ ഗസ്സയിലെ അൽ റിമാൽ പ്രദേശം ഇസ്രായേൽ നാമാവശേഷമാക്കി. 50 തവണ പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായാണ് വിവരം. പ്രദേശത്തെ ഫ്‌ളാറ്റുകളടക്കം നിലംപരിശാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ആക്രമണം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള അൽ റിമാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇസ്രയേൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഇരുട്ടിലാണ്  ഗസയിലെ  മിക്ക ഭാഗങ്ങളും. 

ഗസ്സയിലേക്കുള്ള ട്രക്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഈജിപ്തിന് ഇസ്രായേൽ താക്കീത് നൽകി. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ചാനൽ 12 ആണ് വാർത്ത പുറത്തു വിട്ടത്. എന്നാൽ റഫാ അതിർത്തിയിലൂടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം റഫാ അതിർത്തിയിൽ ഈജിപ്തിൽ നിന്നുള്ള ട്രക്കുകൾ തടയുന്നതിൻ്റെ ചിത്രങ്ങൾ പുറത്തു വന്നു. സിനായ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ട്രക്കുകളെ ആയുധം കടത്താൻ ഉപയോഗിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. അതിർത്തി മേഖലകളിൽ നിന്ന് ഹമാസ് പോരാളികളെ മാറ്റിയതോടെ പുതുതായി കൂടുതൽ സൈനികരെയും ഇസ്രായേൽ ഇവിടേക്ക് വിന്യസിക്കുകയാണ്.

ഇതിനിടെ, ടെല്‍ അവീവ് ഉള്‍പ്പടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസിന്റെ കൂടുതല്‍ റോക്കറ്റുകള്‍ പതിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു.

 

ഗസ മുനമ്പില്‍ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസ അതിര്‍ത്തിയ്ക്ക് സമീപമുള്ള പൗരന്മാരെ ഇസ്രയേല്‍ ഒഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗാസയിലെ സാധാരണക്കാര്‍ക്കു നേരെ ഇസ്രയേല്‍ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന് ഹമാസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!